Asianet News MalayalamAsianet News Malayalam

ഉത്ര വധം: സൂരജിന്റെ അമ്മയെയും സഹോദരിയെയും വിട്ടയച്ചു, നാളെ വീണ്ടും ചോദ്യം ചെയ്യും

കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല

Uthra murder Sooraj mother sister left out of custody interrogation to be continued
Author
Anchal, First Published Jun 2, 2020, 10:18 PM IST

കൊല്ലം: അഞ്ചൽ ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇവരെ നാളെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം സൂരജിന്റെ അച്ഛൻ സുരേന്ദ്രനുമായി നാളെ വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.

കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്ന് പുനലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. 

അതിനിടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വർണ്ണം മുഴുവൻ ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്‍റെ സ്വർണ്ണവും കൂട്ടത്തിലുണ്ടെന്നും അമ്മ മണിമേഖല പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സൂരജിന്‍റെ അച്ഛനെയും അറസ്റ്റ് ചെയ്തിരുന്നു. സ്വർണം തട്ടി എടുക്കുന്നതിൽ സൂരജിന്റെ അച്ഛനും പങ്കുണ്ടെന്നും തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ആണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും എസ് പി വ്യക്തമാക്കി. 

കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സൂരജ് ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്‍റെകൂടി പിന്തുണയോടെയാണോ എന്നത് അറിയുന്നതിനാണ് ചോദ്യം ചെയ്യല്‍. 

ഇന്നലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രൻ സമ്മതിച്ചത്. സൂരജിന്‍റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്രയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios