സംഘപരിവാറുമായി സന്ധി ചെയ്തതിന്‍റെ തെളിവാണ് മോദി സര്‍ക്കാരിനുള്ള ഫാസിസ്റ്റ് പ്രയോഗത്തിലെ ഇളവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഫാസിസം വന്നുവെന്ന് തെളിയിക്കാമോ എന്നായിരുന്നു എകെ ബാലന്‍റെ പ്രതികരണം.

തിരുവനന്തപുരം: മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎം നിലപാട് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. സംഘപരിവാറുമായി സന്ധി ചെയ്തതിന്‍റെ തെളിവാണ് മോദി സര്‍ക്കാരിനുള്ള ഫാസിസ്റ്റ് പ്രയോഗത്തിലെ ഇളവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഫാസിസം വന്നുവെന്ന് തെളിയിക്കാമോ എന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍റെ പ്രതികരണം.

മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്നോ നവ ഫാസിസ്റ്റ് എന്നോ വിളിക്കാനാകില്ലെന്ന സിപിഎം പാർട്ടി കോൺഗ്രസിനുള്ള കരട് രേഖയിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം ആരോപിക്കുന്നത്. പുറത്തുവന്ന പാര്‍ട്ടി രേഖയില്‍ ഞെട്ടലില്ലെന്നും കാലങ്ങളായുള്ള രഹസ്യബന്ധം പുറത്തുവന്നു എന്നേയുള്ളുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു എ കെ ബാലന്‍റെ ന്യായീകരണം. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മാത്രമേ ഇപ്പോള്‍ ചര്‍ച്ചയാകുന്ന രേഖ രാഷ്ട്രീയ പ്രമേയമാകൂവെന്നും മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ ആണെന്ന അഭിപ്രായം ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ സിപിഐയും ഇന്ത്യാമുന്നണിയില്‍ ഘടകകക്ഷികളുമെല്ലാം കേന്ദ്ര സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് ആക്ഷേപിക്കുമ്പോഴാണ് സിപിഎമ്മിന്‍റെ നയംമാറ്റം. ആക്ഷേപങ്ങള്‍ ഏറെയുയരുമ്പോഴും ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുലക്ഷ്യമിട്ടാണ് ഫാസിസത്തോടുള്ള സിപിഎമ്മിന്‍റെ മൃദുസമീപനമെന്നാണ് രാഷ്ട്രീയ വായന.

YouTube video player