മലപ്പുറം: പി വി അൻവർ എംഎൽഎ യെ നിയമസഭ പരിസ്ഥിതി സമിതിയിൽ നിന്ന് പുറത്താക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വി എം സുധീരൻ. വിഷയത്തിൽ സ്പീക്കർ ഇടപെടണമെന്നും എംഎൽഎ സമിതിയിൽ തുടരുന്നത് സഭയുടെ അന്തസ്സിന് കളങ്കമാണെന്നും സുധീരൻ മലപ്പുറത്ത് പറഞ്ഞു. 

പി വി അൻവർ എംഎൽഎ യെ നിയമസഭ പരിസ്ഥിതി സമിതിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എം സുധീരൻ.

അതേ സമയം പിവി അൻവറിന്‍റെ ഭാര്യാ പിതാവിന്‍റെ ഉമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിൽ നിന്ന് വെള്ളം പൂർണമായി ഒഴുകിപ്പോകാനുള്ള വിടവുണ്ടാക്കിയതായി ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. ഭാവിയിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശദ പഠനം നടത്തണമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.