ഇതോടെ ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ പ്രക്രിയ സമയബന്ധിതയമായി പൂര്‍ത്തിയാക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഹയർ സെക്കണ്ടറി അധ്യാപക ട്രാന്‍സ്‌ഫറുമായി ബന്ധപ്പെട്ട കെഎടി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസവ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ 2025-26 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനിടയില്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ക്ക് കാലതാമസം വരുത്താനിടയുള്ള ഒരു വിധി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും ഏപ്രില്‍ 30 - ന് പുറത്തിറങ്ങിയിരുന്നു. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ട്രാന്‍സ്ഫര്‍ പ്രക്രിയ സുതാര്യമായി നടത്തിവരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും വകുപ്പിലെ കൈറ്റിനെയും കുറിച്ച് അനുചിതമായ പരാമർശവും ഈ വിധിയിലുണ്ടായിരുന്നു. ആ സമയത്ത് അതിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഓപികാറ്റ് ഫയല്‍ ചെയ്യും എന്നു പറഞ്ഞിരുന്നു. 19.05.2025-ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് കെഎടിയുടെ 30.04.2025 ലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടുമുണ്ട്. ഈ വിധിയെ സർക്കാര്‍ സ്വാഗതം ചെയ്യുന്നു- മന്ത്രി പറഞ്ഞു.
ഇതോടെ ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ പ്രക്രിയ സമയബന്ധിതയമായി പൂര്‍ത്തിയാക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. നാളെ മുതൽ പ്രൊവിഷണല്‍ ലിസ്റ്റ് ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ജനറൽ ട്രാന്‍സ്ഫർ പ്രക്രിയ അട്ടിമറിക്കുന്നതിനായി ചില നിക്ഷിപ്ത താല്പര്യക്കാര്‍ കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ശക്തമായ നടപടികളിലൂടെത്തന്നെ നേരിടാന്‍ സർക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.