നേമത്ത് മത്സരിക്കാനുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: നേമത്ത് മത്സരിക്കാനുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മന്ത്രി വി ശിവൻകുട്ടി. നേമത്തേക്ക് ഇല്ലെന്ന പ്രസ്താവനയിലാണ് മന്ത്രിയുടെ വിശദീകരണം. സ്വന്തമായി തീരുമാനിക്കാനാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടിയാണ് നേമത്ത് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒന്നും ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മത്സരിക്കുമോ മത്സരിക്കില്ലയോ എന്ന് പറയേണ്ടതില്ല. വെറുതെ ഒരു ആശയക്കുഴപ്പം ഉണ്ടാക്കരുത്. സംസ്ഥാന കമ്മിറ്റി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കാത്ത കാര്യം താൻ എങ്ങനെ പറയുമെന്നും ശിവൻകുട്ടി ചോദിച്ചു. ഇടതുമുന്നണിക്ക് ശക്തനായ സ്ഥാനാർത്ഥി ഉണ്ടാകും. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തതാണ്. ഓപ്പൺ ചെയ്യാൻ സാധ്യതയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താൻ വി ശിവൻകുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെയാണ് മത്സരിക്കാനില്ലെന്ന് നിലപാട് പറഞ്ഞ് ശിവൻകുട്ടി രംഗത്തെത്തിയത്. മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

2011ലും 2016ലും 2021ലും നേമത്ത് വി ശിവൻകുട്ടിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ഇതിൽ 2016ൽ മാത്രമാണ് ശിവൻകുട്ടി പരാജയപ്പെട്ടത്. 2016ൽ ഒ രാജഗോപാലിലൂടെ ചരിത്രം കുറിച്ച ബിജെപിക്ക് 2021ൽ മണ്ഡലം നിലനിര്‍ത്താനായില്ല. 2021ൽ കുമ്മനം രാജശേഖരനെ ഇറക്കിയെങ്കിലും ശിവൻകുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം മണ്ഡലത്തിൽ ലഭിച്ച ലീഡിന്‍റെ ആത്മവിശ്വാസത്തിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപിയിറങ്ങുന്നത്.

'പാർട്ടിയാണ് നേമത്ത് മത്സരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത്'; വ്യക്തത വരുത്തി വി ശിവൻകുട്ടി