Asianet News MalayalamAsianet News Malayalam

Covid Vaccination : കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായി; രണ്ടാം ഡോസ് വാക്‌സിനേഷനും പുരോഗമിക്കുന്നു

ജനുവരി മൂന്നിനാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു.

vaccination of children is 75 percent in kerala
Author
Thiruvananthapuram, First Published Feb 12, 2022, 6:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ (Covid Vaccination)  75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George)  അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15 ശതമാനം കുട്ടികള്‍ക്കാണ് (2,35,872) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജനുവരി മൂന്നിനാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള ബാക്കിയുള്ള കുട്ടികള്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയാണ് വാക്‌സിനേഷന്‍ ഏകോപിപ്പിച്ചത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡും മുതിര്‍ന്നവരുടേതിന് നീല നിത്തിലുള്ള ബോര്‍ഡും സ്ഥാപിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിന്‍ നല്‍കാനായി ജനുവരി 19ന് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. സ്‌കൂളുകളിലെ വാക്‌സിനേഷനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. സാധാരണ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പോലെ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയും സജ്ജമാക്കിയാണ് വാക്‌സിനേഷന്‍ നടത്തിയത്.

സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഇതുവരെ 100 ശതമാനവും (2,68,67,998) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവുമാണ് (2,27,94,149). ഇതുകൂടാതെ അര്‍ഹതയുള്ള 43 ശതമാനം പേര്‍ക്ക് (8,11,725) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കൊവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

Follow Us:
Download App:
  • android
  • ios