ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.  'തൊപ്പി' ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മലപ്പുറം: പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും 'തൊപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ മലപ്പുറത്ത്‌ കേസ്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാല്‍. ഇയാളുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ പതിനേഴിനാണ് വളാഞ്ചേരിയിലെ ജെന്‍സ് ഷോപ്പ് യൂട്യൂബര്‍ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് കുട്ടികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത്. ഇതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പരിപാടിയില്‍ 'തൊപ്പി' പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടാണ്ടാക്കിയെന്നും രണ്ട് മണിക്കൂരോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു. വളാഞ്ചേരി പൊലീസാണ് യൂട്യൂബര്‍ക്കെതിരെയും കട ഉടയ്ക്കെതിരെയും കേസെടുത്തത്.

Also Read: യൂട്യൂബര്‍ 'തൊപ്പി' സിനിമയിലേക്ക്

അതിനിടെ, സംസ്ഥാനത്തെ ഒൻപത് യുട്യൂബർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നു. യു ട്യൂബിന് പുറമേയുളള വരുമാനത്തിന് ഇവരാരും നികുതിയൊടുക്കുന്നില്ല എന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടത്തൽ. കൊച്ചിയിലെ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് സംസ്ഥാനത്തെ ഇരുപത് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്. പേർളി മാണി, എം 4 ടെക്, അൺബോക്സിങ് ഡ്യൂഡ്, കാസ്ട്രോ ഗെയിമിങ് തുടങ്ങി 9 യു ട്യൂബർമാർക്കെതിരെയാണ് അന്വേഷണം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. 

പേൾളി മാണിയുടെ ആലുവ ചൊവ്വരയിലെ വീട്ടിൽ രാവിലെ 11നാണ് ഐ ടി സംഘം എത്തിയത്. യുട്യൂബിന് പുറമേ ഇവർക്ക് വൻതോതിൽ അധികവരുമാനം ഉണ്ടെന്നാണ് കണ്ടെത്തൽ. അതിനൊന്നും നികുതിയൊടുക്കുന്നില്ല. ലക്ഷങ്ങൾ വിലപിടിപ്പുളള ഗാഡ്ജെറ്റുകൾ വിവിധ കന്പനികൾ വിദേശത്തുനിന്നടക്കം സമ്മാനമായി നൽകുന്നു. വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുന്നു. വൻകിട ഹോട്ടലുകളിൽ താമസിക്കുന്നു. ഇവയിൽപ്പലതും ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ മറ്റുപലരുടെയും സമ്മാനമോ ആണ്. വരുമാനത്തിന് അനുസരിച്ച് നികുയിയൊടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ആദ്യഘട്ട പരിശോധനയെന്ന് ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. ലക്ഷക്കണക്കിന് വ്യൂവേഴ്സുളള മറ്റുചില യുട്യൂബർമാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player