വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല.
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല. തകർന്ന വാഹനത്തിനുള്ളിൽ നിന്ന് മസ്‌നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടൻ തന്നെ മസ്നീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി മസ്‌നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മലപ്പുറം ഡിഎംഒ യുടെ നിർദേശ പ്രകാരമാണ് മസ്‌നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, അപകടത്തിൽപ്പെട്ട വാനിന്‍റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ(11), വാഹനത്തിന്‍റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.



