Asianet News MalayalamAsianet News Malayalam

വണ്ടിപ്പെരിയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി, ടിഡി സുനില്‍കുമാറിന് സസ്പെന്‍ഷൻ, വകുപ്പ് തല അന്വേഷണം

കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു

Vandiperiyar rape and murder case : Action against investigating officer, suspension for TD Sunilkumar
Author
First Published Feb 1, 2024, 6:17 PM IST

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ടിഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു.കോടതി നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനില്‍കുമാര്‍. ക്രമസമാധാന ചുമതലയുള്ള എ‍ഡിജിപിയാണ് സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. സസ്പെന്‍ഷന് പുറമെ ടിഡി സുനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കോടതി വിധി വന്ന് ഒന്നരമാസത്തിനുശേഷമാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് പൊലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കേസന്വേഷണത്തിലെ ഗുരുതര വീഴ്ച മൂലം പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നിശതമായി വിമർശിച്ചിരുന്നു. തെളിവു ശേഖരിച്ചതു മുതൽ വിചാരണ വേളയിലും ടി.ഡി.സുനിൽ കുമാറിനുണ്ടായ വീഴ്ച കോടതി ഉത്തരവിൽ എടുത്തു പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും മുഖ്യമന്ത്രിയെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.കേസിൽ പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്. ഇതിനിടെ, കേസിലെ ഒന്നാംപ്രതി സർക്കാർ ആണെന്നും സിപിഎം കാരനായ പ്രതിയെ രക്ഷിക്കാനാണ് പോലീസും പ്രോസിക്യൂഷനും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ കുറ്റപ്പെടുത്തി. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ അന്വേഷണ സംഘവും പ്രോസിക്യൂഷനും എല്ലാ സഹായവും ചെയ്തുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

പ്രതിയെ വെറുതെവിട്ട വിധി സംഭവിക്കാൻ പാടില്ലാത്തതന്നെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. അന്വേഷണത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയമായതിനാൽ കൂടുതൽ വിശദീകരണത്തിന് ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തു നിന്നും സണ്ണി ജോസഫാണ് വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയം അവതരിപ്പിച്ചത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാല്‍ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അറിഞ്ഞതെന്നും അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വണ്ടിപ്പെരിയാർ കേസ്; 'പൊലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു'; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ
 

Follow Us:
Download App:
  • android
  • ios