സ്വർണ്ണക്കവർച്ചയും സ്വർണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിന്‍റെ അവസാനമാണ് ഇതെന്ന് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
തിരുവനന്തപുരം: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ രൂക്ഷ വിമശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചത് സി.പി.എം ക്രിമിനലുകളും സി.പി.എമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിരവധി യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വർണ്ണക്കവർച്ചയും സ്വർണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിന്‍റെ അവസാനമാണ് ഇതെന്ന് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
സി.പി.എമ്മിന് വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എ.കെ.ജി സെന്‍ററിൽ നിന്നല്ലെന്നത് ഓർക്കണം. ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ട. പേരാമ്പ്ര സി.കെ.ജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നിങ്ങൾക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും മറക്കരുതെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി.
അതേസമയം പൊലീസ് ലാത്തിച്ചാർജിൽ ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. അഞ്ചു ദിവസത്തെ വിശ്രമം നിർദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.


