മുൻ മന്ത്രി വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ അക്രമിച്ചെന്ന കേസില്‍ മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു

തിരുവനന്തപുരം: മുൻ മന്ത്രി വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ അക്രമിച്ചെന്ന കേസില്‍ മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐടി തലവൻ കെഎപി കമാൻഡന്‍റ് യു പ്രേമന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മാധ്യമപ്രവർത്തകരിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കണ്ണൂരിലെത്തിയപ്പോഴായിരുന്നു ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്.

രണ്ട് മിനിറ്റോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍ ഉന്തും തള്ളും ബഹളവും ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു. രാത്രി മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‍യുക്കാരെ ടൊണ്‍ പൊലീസ് റെയില്‍വെ പൊലീസിന് കൈമറി. രാത്രി എഫ്ഐആര്‍ ഇട്ടു. പുലര്‍ച്ചെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാന്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമമില്ല. എന്നാല്‍ കഴുത്തിലെ കശേരുക്കളില്‍ വേദനയുണ്ടെന്ന മെഡിക്കല്‍ ബുള്ളറ്റിനാണ് പരിയാരം ആശുപത്രിയില്‍ നിന്ന് വന്നിരുന്നത്. അതിന്‍റെ പിറ്റേന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സ്വന്തം കാറില്‍ മന്ത്രി നാട്ടിലേക്ക് പോവുകയായിരുന്നു.

YouTube video player