സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ വിവാദങ്ങൾക്ക് പകരം ശാസ്ത്രീയ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഒപ്പം പടരുന്ന ഷിഗെല്ല വ്യാപനവും ഗൗരവമായി കാണണമെന്നും അവർ ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുൻ മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം ശാസ്ത്രീയമായി രൂപപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ ഗൈഡ്‌ലൈനുകളും കൈവശമുണ്ടെന്നും, പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് എൽഡിഎഫ് സമീപനമെന്നും അവർ വ്യക്തമാക്കി.

നിപ പശ്ചാത്തലത്തിൽ, കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പഴയൊരു പ്രസംഗം പലരും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വീണ ജോർജ് പോസ്റ്റിൽ പരാമർശിച്ചു. എന്നാൽ ഇതിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ലെന്നും ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും പറഞ്ഞ അവർ, പകർച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്‍റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

മുരളിയുടെ പഴയ പ്രസംഗം

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞു. "ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എ കെ ആന്‍റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം," അന്ന് മുരളീധരന്‍ ചോദിച്ചു. ആരോഗ്യ മന്ത്രിക്ക് ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.