പി പി ദിവ്യയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പരാതിക്കാരനായ തന്‍റെ മൊഴിയെടുക്കാൻ പോലും വിജിലൻസ് തയാറായില്ലെന്നാണ് ഷമ്മാസിന്‍റെ ആരോപണം

കണ്ണൂര്‍: പിപി ദിവ്യയ്ക്കെതിരായ അഴിമതിയാരോപണത്തിലെ വിജിലൻസ് അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസാണ് ഹർജി നൽകിയത്. പി പി ദിവ്യയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പരാതിക്കാരനായ തന്‍റെ മൊഴിയെടുക്കാൻ പോലും വിജിലൻസ് തയാറായില്ലെന്നാണ് ഷമ്മാസിന്‍റെ ആരോപണം. ഉന്നത ഇടപെടലിനെത്തുടർന്നാണ് പ്രാഥമികാന്വേഷണം പോലും നടത്താതിരുന്നതെന്നാണ് ആക്ഷേപം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷമ്മാസ് ഉന്നയിച്ചത്. പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസമായെന്നും മൊഴി പോലും ഇതുവരെ എടുത്തില്ല എന്നാണ് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ്‌ ഷമ്മാസിന്‍റെ ആരോപണം. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നത് കൊണ്ടാണ് അന്വേഷണം നീട്ടുന്നത്. വിജിലൻസ് അന്വേഷണം ആട്ടിമറിക്കാൻ കാരണം ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും ഇതില്‍ പങ്കുള്ളത് കൊണ്ടാണ്. ഈ ബിനാമി ഇടപാടിൽ ദിവ്യ എന്ന ചെറിയ മീൻ മാത്രമല്ല ഉള്ളത് എന്നാണ് ഷമ്മാസ് പറയുന്നത്.

പിപി ദിവ്യയെ ജയിലിൽ സന്ദർശിച്ച ഒരാൾ എംവി ഗോവിന്ദന്‍റെ ഭാര്യ ശ്യാമളയാണ്. ജയിലിൽ കിടക്കുന്ന മട്ടന്നൂരിലെ സഖാക്കളെ കണ്ടില്ലല്ലോ. അപ്പോൾ കൂട്ടിവായിച്ചാൽ മനസ്സിലാകും. ഇവർ ഒരു കണ്ണിയാണ്. എംവി ഗോവിന്ദനെതിരെ രാവിലെ മുതൽ ഗുരുതരമായ ആരോപണം വന്നു. ഒരു സിപിഎം നേതാവ് മറുപടി പറഞ്ഞോ? കുടുംബത്തെ പറഞ്ഞു, ഗോവിന്ദൻ മറുപടി പറഞ്ഞില്ല എന്നും മുഹമ്മദ്‌ ഷമ്മാസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

YouTube video player