Asianet News MalayalamAsianet News Malayalam

'പാലാരിവട്ടം പാല'ത്തില്‍ സൂരജിന് കുരുക്ക് മുറുകുന്നു: അനധികൃതമായി സമ്പാദിച്ചത് കോടികളുടെ ഭൂമി, നല്‍കിയത് കള്ളപ്പണം

ടി ഒ സൂരജിന്‍റെ കാര്യമാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നതെങ്കിലും മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവരുടെ കാര്യത്തില്‍ പരിശോധന നടന്നുവരികയാണെന്ന സൂചനയും വിജിലന്‍സ് നല്‍കുന്നു. 

vigilance report in palarivattom bridge scam  claims t o sooraj illegally earned land worth crores in edappally
Author
Cochin, First Published Sep 30, 2019, 11:24 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സിന്‍റെ പുതിയ സത്യവാങ്മൂലം. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

പാലം അഴിമതിയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് വിജിലന്‍സിന്‍റെ പുതിയ സത്യവാങ്മൂലം. പാലത്തിന്‍റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്‍റെ സത്യവാങ്മൂലത്തിലുണ്ട്. 

Read Also: മുന്‍കൂര്‍ പണം അനുവദിച്ചത് സൂരജിന്‍റെ ശുപാര്‍ശയിലെന്ന് വിജിലന്‍സ്, മന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നു

സ്വത്തുക്കള്‍ മകന്‍റെ പേരിലാണ് സൂരജ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 ഒക്ടോബര്‍ ഒന്നിനാണ് രജിസ്ട്രേഷന്‍ നടന്നിരിക്കുന്നത്. ഈ പണം എവിടെനിന്ന് ലഭിച്ചു എന്ന് വ്യക്തമാക്കുന്നതില്‍ സൂരജ് പരാജയപ്പെട്ടു എന്നും വിജിലന്‍സ് പറയുന്നു. പാലം കരാറുകാരില്‍ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിനായാണ് ഈ സത്യവാങ്മൂലം ഇപ്പോള്‍ വിജിലന്‍സ് നല്‍കിയിരിക്കുന്നത്. 

മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പാലം അഴിമതിയിലുള്ള പങ്ക് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി സമയം വേണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ടി ഒ സൂരജിനെ രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോഴും അഴിമിതിയില്‍ ഇബ്രാഹിം കുഞ്ഞിന് ഗുഢലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് ആവര്‍ത്തിച്ച് മൊഴി നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 

പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് ഏതൊക്കെ തലത്തിലാണെന്നും പ്രാഥമികമായി വിവരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ടാണ് സത്യവാങ്മൂലത്തിലൂടെ വിജിലന്‍സ് നല്‍കിയിരിക്കുന്നത്. നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ്
ബ്രിഡ്‌ജസ് ഡെവലപ്മെൻറ്  കോർപറേഷൻ  അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ,  നാലാം പ്രതിയും  മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. 

പാലാരിവട്ടം പാലം കരാറുകാരന് ചട്ടങ്ങള്‍ ലംഘിച്ച് വായ്‍പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കുറഞ്ഞ പലിശക്ക് വായ്‍പ നല്‍കിയതു മൂലം സര്‍ക്കാരിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ആ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് പറഞ്ഞിരുന്നു. 

Read Also: പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലന്‍സ്


 

Follow Us:
Download App:
  • android
  • ios