കോഴിക്കോട് സരോവരത്ത് ചതുപ്പിൽ സുഹൃത്തുക്കൾ ചവിട്ടിത്താഴ്ത്തിയ യുവാവിനായുള്ള തിരച്ചിൽ നിർത്തി

കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ നിർത്തിവച്ചു. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് മഴയെ തുടർന്ന് ചതുപ്പിൽ രണ്ട് മീറ്റർ പൊക്കത്തിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ തിരച്ചിൽ ദുഷ്‌കരമായി. ഈ സാഹചര്യത്തിലാണ് തിരച്ചിൽ നിർത്തിയത്. ഇനി പ്രതികളെ കോടതിയിൽ ഹാജരാക്കും. മൂന്ന് ദിവസത്തിന് ശേഷം വീണ്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സ്ഥലത്ത് തിരച്ചിൽ നടത്തും. റഡാർ ഉപയോഗിച്ചടക്കം പരിശോധന നടത്താനാണ് തീരുമാനം.

വെസ്റ്റ്ഹിൽ സ്വദേശി വിജിലിനെ 2019 മാർച്ചിലാണ് കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് ചതുപ്പിൽ മൃതദേഹം കെട്ടിത്താഴ്ത്തി എന്നുമാണ് പ്രതികളുടെ മൊഴി. യുവാവിനെ കാണാതായ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കുന്നതിനിടെയാണ് എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ ചോദ്യം ചെയ്‌തതിൽ നിന്ന് ഈ വിവരം ലഭിച്ചത്.

സംഭവം നടന്ന് ആറര വർഷം പിന്നിട്ട സാഹചര്യത്തിൽ അന്വേഷണത്തിൽ ഏറെ വെല്ലുവിളികളുണ്ട്. സുഹൃത്തുക്കളുടെ മൊഴി ശരിയാണെന്ന് സ്ഥാപിക്കാൻ വിജിലിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയാണ് പ്രധാന കടമ്പ. അതിനാൽ തന്നെ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

YouTube video player