വോട്ട് ചെയ്യാനെത്തിയ ഒരമ്മയുടെ കുഞ്ഞിനെ സ്നേഹത്തോടെ താലോലിക്കുന്ന ഒരു പൊലീസുകാരിയുടെ വീഡിയോ കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കേരള പൊലീസ് പങ്കുവെച്ച ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയും, യുഡിഎഫിനുണ്ടായ വൻ വിജയവും എൻഡിഎക്ക് കരുത്ത് കാട്ടാനായതുമൊക്കെയാണ് രാഷ്ട്രീയ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാകുന്നത്. രാഷ്ട്രീയ ചർച്ചകൾക്കിടയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ നടന്ന വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇത്തരത്തിൽ കേരള പൊലീസിന്റെ ഫേസ് ബുക്കിൽ പങ്കുവച്ച ഒരു കുഞ്ഞു വീഡിയോയും വൈറലാവുകയാണ്. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയ ഒരു സ്ത്രീയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ താലോലിക്കുകയാണ് ഒരു പൊലീസുകാരി. ഇടക്ക് കുഞ്ഞിനെ കൈവെള്ളയിൽ വച്ച് സ്നേഹത്തോടെ താലോലിക്കുന്നതും വീഡിയോയിൽ കാണാം.

കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ:

അതേ സമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമാണ് കാണാനാകുന്നത്. കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം നേടിയ മുന്നണി നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണിയെ മലര്‍ത്തിയടിച്ചു. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന് മനസില്‍ കുറിച്ചായിരുന്നു തദ്ദേശപ്പോരില്‍ യുഡിഎന്‍റെ പ്രചരണം. തദ്ദേശത്തിലെ തോല്‍വി കേരള ഭരണത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യതകളെ തകര്‍ക്കും. മൂന്നാമതും പ്രതിപക്ഷത്തായാൽ പിന്നെ രാഷ്ട്രീയ വനവാസം. ജയിച്ചേ തീരുവെന്ന് ഉറപ്പിച്ച യുഡിഎഫുകാരെല്ലാം പ്രചരണത്തിന് കൈയ്മെയ് മറന്നിറങ്ങി. പണ്ടത്തെപ്പോലെ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സംഘടനാ ശക്തിയില്ലാത്തയിടത്ത് ഉള്ളവര്‍ ഒറ്റയ്ക്കെങ്കിലും വോട്ട് തേടി വീടുകയറി. പണവും ആളുമില്ലെന്ന് ആരും പരാതി പറഞ്ഞിരുന്നില്ല. അക്ഷരാര്‍ത്ഥത്തിൽ ജീവൻമരണ പോരാട്ടമായിരുന്നു യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പ്. തോറ്റ് പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ആഹ്ലാദിക്കാൻ കഴിയുന്ന മിന്നും ജയം മുന്നണി നേടി.