തിരുവനന്തപുരം: മുട്ടട സാംസൺ & സൺസ് അപാർട്മെന്‍റില്‍ പ്രവർത്തിക്കുന്ന ഫാജോർൺ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇമൈഗ്രെഷൻ കൺസൾടന്‍റ് സ്ഥാപനത്തിൽ പേരൂർക്കട ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സൈജുനാഥിന്‍റെ നേതൃത്വത്തിൽ റെയ്ഡ് നടന്നു. പരിശോധനയിൽ സ്ഥാപനത്തിന് വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കുന്നതിനുള്ള യാതൊരു അനുമതികളും ലൈസൻസുകളും ഇല്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് വെബ് വാർത്ത നല്‍കിയിരുന്നു.  

തുടക്കത്തിൽ തന്നെ സ്ഥാപനത്തിന്‍റെ തട്ടിപ്പ് പുറത്ത് വന്നതിനാൽ സാമ്പത്തിക തട്ടിപ്പിനുള്ള വൻ നീക്കമാണ് പൊലീസിന്‍റെ ഇടപെടലിലൂടെ തടയാൻ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത പുറത്തുവന്നയുടനെ സ്ഥാപനത്തിൽ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇവരുടെ പ്രാഥമിക പരിശോധനയിൽ തന്നെ സ്ഥാപനം നിയമാനുശ്രുതമായല്ല പ്രവർത്തിക്കുന്നതെന്ന് മനസിലാക്കിയതായി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർക്ക് വിവരം കൈമാറി. 

കൂടുതല്‍ വായനയ്ക്ക്: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തലസ്ഥാനത്ത് വീണ്ടും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷം സ്ഥാപനത്തിലെ മാനേജർമാർ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്   പേരൂർക്കട സർക്കിൾ ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തുന്നത്. ഇതോടെ മാനേജർമാരായ രാജേന്ദ്ര അറോറയെയും (വെസ്റ്റ്ബംഗാള്‍), സല്‍മാന്‍ ഹസനെനും (ദില്ലി) എമിഗ്രേഷന്‍ നിയമപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 3 മണി മുതൽ രാത്രി വരെ നീണ്ടുനിന്ന വിശദമായ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നുള്ള രേഖകളും കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് തൊഴിലിനായി പണമിടപാട് നടത്തിയിട്ടുള്ളവർ ഉടൻ തന്നെ 9497987005 എന്ന നമ്പറിൽ പേരൂർക്കട സിഐയുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്‍റെ മാനേജർമാരായ രണ്ട് പേര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവയുടെ ഡയറക്ടർ എന്ന നിലയിൽ രജിസ്റ്റർ ചെയ്ത കൊല്ലം സ്വദേശിയായ അഭിലാഷ് ഗോപാലകൃഷ്ണ പിള്ളയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിലാഷിന്‍റെ പേരിൽ കൊല്ലം വിലാസത്തിൽ മെഡെക്‌സ് എൻജിനിയറിങ് ട്രേഡിങ്ങ് ആൻഡ് കൊണ്ട്രാക്ടിങ് എന്ന സ്ഥാപനവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കാനഡയിലെ അൽബെർട്ടയിലെ അഗ്രോ ഫാമിലേക്ക് അടിയന്തിരമായി ജോലിക്ക് ആളെ ആവശ്യമുണ്ടെന്നെ രീതിയിലാണ് ഇവർ ഉദ്യോഗാർത്ഥികളെ സമീപിക്കുന്നത്. മുട്ടടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ അതേ മേൽവിലാസത്തിൽ ട്രഫാഡസ് ഇന്‍റർനാഷണൽ എന്ന മറ്റൊരു സ്ഥാപനവും നാല് മാസം മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് മറ്റെന്തെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് ഉൾപ്പടെയുള്ള കാര്യം പൊലീസ് നിരീക്ഷിച്ചു വരികയാണെന്ന് പേരൂർക്കട സി.ഐ അറിയിച്ചു.