Asianet News MalayalamAsianet News Malayalam

'വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ ഒരുക്കിയില്ല'; കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി

മറുപടി നൽകാൻ സർക്കാർ സമയം തേടി. ഹ‍ർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി

Vizhinjam contempt case, High court seeks Government's explanation
Author
First Published Sep 15, 2022, 11:07 AM IST

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ, അദാനി ഗ്രൂപ്പ് നൽകി കോടതിയലക്ഷ്യ ഹർജിയിൽ  ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് അനു ശിവരാമനാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. മറുപടി നൽകാൻ സർക്കാർ  സമയം തേടിയതോടെ ഹ‍ർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹർജിയിൽ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്  ഹൈക്കോടതിയെ അറയിച്ചിരുന്നു. സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. സമരത്തിന്‍റെ പേരിൽ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ്  തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്ന് കോടതി വ്യക്തമാക്കിയത്. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല... ഇവയായിരുന്നു ഹൈക്കോടതിയുടെ നിർദേശം.


 

Follow Us:
Download App:
  • android
  • ios