മലപ്പുറം: പി വി അൻവർ എംഎൽഎയെ നിയമസഭ പരിസ്ഥിതി സമിതിയിൽ നിന്ന് മാറ്റണമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വിഎം സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരൻ സ്പീക്കർക്ക് കത്ത് നൽകി. അൻവറിന്റെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുധീരന്റെ ആവശ്യം.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ച് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. മുൻ ഉത്തരവുകൾ നടപ്പാക്കാതിരുന്നതിനെ തുടർന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാൻ കർശന നിർദേശം നൽകിയിരുന്നു. തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കാതിരുന്ന പശ്ചാത്തലത്തിൽ സർക്കാരിനോട് തടയണ പൊളിച്ചുനീക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. 

കക്കാടംപൊയിലില്‍ അൻവറിന്‍റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വേനല്‍കാലത്ത് വെള്ളമെത്തിക്കാൻകൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ തടയണ. ചീങ്കണ്ണിപ്പാലയിലെ ബോട്ടിംഗ് കേന്ദ്രത്തിലേക്കും വെള്ളം ഉപയോഗിച്ചിരുന്നു. സമീപത്തെ കരിമ്പ് ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു പി വി. അൻവര്‍ തടയണ നിര്‍മ്മിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ 2015ല്‍ അന്നത്തെ മലപ്പുറം കളക്ടര്‍ ടി ഭാസ്കരൻ തടയണ പൊളിക്കാൻ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഈ സ്ഥലം ഭാര്യാപിതാവിന്‍റെ പേരിലേക്ക് അൻവര്‍ മാറ്റിയത്.