ഒരു പോലീസുകാരന്‍ ബയണറ്റ് തോക്കില്‍ ഫിറ്റ് ചെയ്തു. ചോദ്യങ്ങളും മര്‍ദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിച്ച തോക്ക് ഉളളംകാലിലേയ്ക്ക് ആഞ്ഞുകുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി

തിരുവനന്തപുരം: കേരളത്തിന്‍റെ പോരാട്ട വഴികളിലെ 'വിപ്ലവ സൂര്യൻ' എന്ന വിശേഷണം അണികൾ ചാർത്തിക്കൊടുത്ത വി എസ് അച്യുതാനന്ദൻ ജീവിതത്തിൽ നിന്ന് വിടവാങ്ങുമ്പോൾ വി എസിന്‍റെ ഓർമ്മകളാണ് ഏവരുടെയും മനസുകളിൽ അലയടിച്ചുയരുക. ജീവിതമാകെ കേരളത്തിന്‍റെ ക്ഷുഭിത യവ്വനമായി നിലനിന്ന വി എസ്, അവസാന നാളുകളിലും പോരാട്ടത്തിന്‍റെ വഴികളിൽ നിറഞ്ഞു നിന്നിരുന്നു. 1923 ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഒരു ജനതയുടെ വികാരമായി മാറിയ 'വി എസ്' എന്ന രണ്ടക്ഷരത്തിലേക്ക് മാറിയത് സമര പോരാട്ടങ്ങളിലൂടെയായിരുന്നു. കേരള രാഷ്ട്രീയം കണ്ട ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിന്‍റെ യൗവ്വനം തിളച്ചുമറിഞ്ഞ രാഷ്ട്രീയ പോരാട്ടങ്ങളുടേതായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനും ജന്മിവാഴ്ചയ്ക്കുമെതിരായ പോരാട്ടമായിരുന്നു. വയലാറിലും പുന്നപ്രയിലും രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ വിപ്ലവകാഹളം മുഴങ്ങിയപ്പോൾ അതിന്‍റെ നേതൃ സ്ഥാനത്ത് വി എസ് എന്ന 23 കാരനും ഉണ്ടായിരുന്നു.

തെക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പുന്നപ്ര-വയലാര്‍ പോരാട്ടം സായുധപോരാട്ടത്തിലും രക്തചൊരിച്ചിലിലുമൊക്കെയാണ് കലാശിച്ചത്. ജന്മി-മുതലാളിമാരുടെ ചൂഷണങ്ങളില്‍ വലഞ്ഞ തൊഴിലാളികളെ ചെങ്കൊടിക്ക് കീഴില്‍ അണിനിരത്താന്‍ വി എസും ഏറെ വിയര്‍പ്പൊഴുക്കി. വയലോലകളിലും തെരുവുകളിലും നിറതോക്കുകളുമായി പട്ടാളമിറങ്ങിയപ്പോള്‍ വാരികുന്തവുമായി തൊഴിലാളി സഖാക്കള്‍ നേരിട്ടു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഇക്കാലത്ത് വി എസ് ഒളിവില്‍ കഴിഞ്ഞിട്ടുമുണ്ട്. സമരസഖാക്കളെ ആവേശഭരിതമാക്കിയ രാഷ്ട്രീയബോധം പകര്‍ന്നുനല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

പാലാ സ്റ്റേഷന്‍ അനുഭവം ആത്മകഥയില്‍

ആത്മകഥയില്‍ വി എസ് അക്കാലത്ത് ലോക്കപ്പില്‍ അനുഭവിച്ച ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. 'എന്റെ രണ്ട് കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. തുടര്‍ന്ന് ലോക്കപ്പ് അഴികള്‍ക്ക് വിലങ്ങനെ രണ്ടുകാലിലും ലാത്തിവച്ച് കെട്ടി. കാല്‍ അകത്തേയ്ക്ക് വലിച്ചാല്‍ പോരാതിരിക്കാന്‍. എന്നിട്ട് ലോക്കപ്പ് പൂട്ടി. കുറച്ച് പൊലീസുകാര്‍ ലോക്കപ്പിനകത്തുനിന്നു. കുറച്ച് പൊലീസുകാര്‍ ലോക്കപ്പിന് പുറത്തും. ഞാനാകട്ടെ അകത്തും പുറത്തുമല്ല എന്ന അസ്ഥയിലായിരുന്നു. ഈ അവസ്ഥയിലെത്തിച്ചശേഷം വീണ്ടും ഇ എം എസും കെ പി പത്രോസും എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. ഉളളംകാലില്‍ അടിക്കുന്ന ഓരോ അടിയും തലയില്‍ മുഴങ്ങുന്ന അവസ്ഥ. ഇതിനിടെ ഒരു പോലീസുകാരന്‍ ബയണറ്റ് തോക്കില്‍ ഫിറ്റ് ചെയ്തു. ചോദ്യങ്ങളും മര്‍ദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിച്ച തോക്ക് ഉളളംകാലിലേയ്ക്ക് ആഞ്ഞുകുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി. പിന്നീട് കണ്ണ് തുറക്കുന്നത് പാലാ ആശുപത്രിയിലാണ്. ബോധം പോയിട്ടും പൊലീസിന് അറിയേണ്ട ആ ഉത്തരം വി എസ് പറഞ്ഞില്ല എന്നതാണ് കേരളം കണ്ട രാഷ്ട്രീയ സത്യം. ആ മനോധൈര്യം തന്നെയായിരുന്നു വി എസ് എന്ന രണ്ടക്ഷരത്തെ കേരള ജനതയുടെ എക്കാലത്തെയും പോരാട്ട നായകരിൽ ഒരാളാക്കി മാറ്റിയതും.