അത്രമേല്‍ സമരപുളകിതമായ ജിവിതത്തില്‍ നിന്ന് വി എസ് യാത്രയാകുമ്പോള്‍ കേരള ജനത ഒന്നാകെ നൊമ്പരപ്പെടുകയാണ്. തങ്ങളുടെ ജീവിത സമരങ്ങള്‍, വി എസ് എന്ന നായകനില്ലാതെ അനാഥമാകുമോയെന്ന ഭയം കേരള ജനതയെ എന്നും വേട്ടയാടുമെന്നുറപ്പ്

'തലനരയ്ക്കാത്തതല്ലെന്റെ യൗവ്വനം, തലനരയ്ക്കുവതല്ലെന്റെ വാർദ്ധക്യം, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ മുന്നിലും തലകുനിയ്ക്കാത്തതാണെന്റെ യൗവ്വനം'...നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനെ ഒറ്റയടിക്ക് അസ്ത്രപ്രജ്ഞനാക്കിയ 87 കാരന്റെ പോര്‍വിളി കേരളം ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. ഒരു ദശകം മുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ഈ 87 കാരനാണോ നിങ്ങളുടെ മുഖ്യമന്ത്രിയാകേണ്ടതെന്ന് 40 തികയാത്ത രാഹുല്‍ഗാന്ധി ചോദിച്ചുവച്ചപ്പോള്‍ ഇങ്ങനെയൊരു മറുപടി സ്വപ്നത്തില്‍ പോലും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകില്ല. അതേ, അതുതന്നെയായിരുന്നു വി എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ നേതാവ്. വാക്പ്രയോഗങ്ങളും ഇടപെടലും നിലപാടും സമരാവേശവും കൊണ്ട് കേരളത്തിന്റെ എക്കാലത്തെയും ക്ഷുഭിതയൗവ്വനം എന്ന് അക്ഷരംതെറ്റാതെ വി എസിനെ വിശേഷിപ്പിക്കാം.

എട്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തെ വി എസ് അച്യുതാനന്ദന്‍ തന്നെ വിലയിരുത്തുക 'സമരം തന്നെ ജീവിതം' എന്നാകും. അതുകൊണ്ടുതന്നെയാകും, അത്രമേല്‍ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സ്വന്തം ജീവിതത്തെ ആത്മകഥയായി പകര്‍ത്തിയപ്പോള്‍ 'സമരം തന്നെ ജീവിതം' എന്ന തലക്കെട്ടിലേക്ക് വി എസ് ചുരുക്കി എഴുതിയത്. 1923 ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഒരു ജനതയുടെ വികാരമായി മാറിയ 'വി എസ്' എന്ന രണ്ടക്ഷരത്തിലേക്ക് മാറിയതും ആ സമര പോരാട്ടങ്ങളിലൂടെയായിരുന്നു. കേരള രാഷ്ട്രീയം കണ്ട ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസ്, രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന നേതാവായി മാറിയതും നിലപാടുകളുടെ പേരില്‍ തന്നെയാണ്.

ജീവിതം സമരമായി മാറിയ ബാല്യകാലം

സാമൂഹിക വ്യവസ്ഥിതിയോട് സമരം പ്രഖ്യാപിക്കും മുമ്പ് സ്വന്തം ജീവിതത്തോടായിരുന്നു വിഎസിന് ആദ്യം പോരടിക്കേണ്ടിവന്നത്. അച്ഛനും അമ്മയും ചെറുബാല്യത്തില്‍ തന്നെ നഷ്ടമായ വി എസിന് പിന്നീടിങ്ങോട്ട് ജീവിതം തന്നെ സമരമാക്കി മാറ്റേണ്ടിവന്നു. നാല് വയസുള്ളപ്പോഴാണ് അമ്മ അക്കമ്മ മരിച്ചതെങ്കില്‍ അച്ഛന്‍ ശങ്കരന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വി എസിനെ വിട്ടുപിരിഞ്ഞു. പത്താംതരം ജയിച്ച് പഠിച്ച് മിടുക്കനാകണമെന്ന അച്യുതാനന്ദന്റെ ആഗ്രഹത്തിനും അതോടെ വിരാമമായി. പിന്നീടങ്ങോട്ട് വി എസ് ജീവിതസമരങ്ങളിലൂടെ കേരളജനതയുടെ ഹൃദയത്തിലാണ് പഠിച്ച് മിടുക്കനായത്. അച്ഛന്റെ വിയോഗത്തോടെ ജേഷ്ഠനെ സഹായിക്കാനായി തയ്യല്‍കടയിലെത്തിയ വി എസ്, പിന്നിട് തുന്നിച്ചേര്‍ത്തതൊക്കെയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു. ജൗളിക്കടയില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വി എസിന്റെ സമരയാത്രകളെ ആത്മകഥയില്‍ അവതാരകന്‍ പി കെ പ്രകാശ് മരക്കുടിലില്‍ നിന്ന് വൈറ്റ്ഹൗസിലേക്ക് നടന്നുകയറിയ എബ്രഹാം ലിങ്കന്റെ ജീവിതത്തോടാണ് താരതമ്യം ചെയ്യ്തത്.

വി എസിന്റെ സമര ജീവിതത്തെ മൂന്ന് ഘട്ടമായി കണ്ടാല്‍ 1940 മുതല്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട 1980 വരെ ഒന്നാഘട്ടമായി വിലയിരുത്താം. 80 ന് ശേഷം 2001 വരെയുള്ള കാലഘട്ടം വി എസ് പാര്‍ട്ടിക്കുള്ളില്‍ മാത്രമായി നിലയുറപ്പിച്ച കാലമായിരുന്നു. തീര്‍ത്തും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുമാത്രം മുന്നോട്ടുപോയ കാര്‍ക്കശ്യമുള്ള വി എസ് ആയിരുന്നു ഈ രണ്ടാം സമരകാലത്തെ രണ്ട് ദശാബ്ദവും. 2001 ല്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു ജനകീയനായ വി എസ് എന്ന വിശേഷണത്തിലേക്ക് മാറിയ മൂന്നാം സമരഘട്ടം.

രാഷ്ട്രീയ - സമര ജീവിതത്തിന്റെ ആദ്യ ഘട്ടം

ജൗളിക്കടയില്‍ ജേഷ്ഠനെ സഹായിക്കാനെത്തിയ അച്യതാനന്ദന്‍ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ജൗളിക്കടയില്‍ നിന്ന് കയര്‍ ഫാക്ടറിയിലേക്കെത്തിയപ്പോ ള്‍തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടുപെടാൻ തുടങ്ങി. നിവർത്തന പ്രക്ഷോഭത്തില്‍ ആകൃഷ്ടനായ അച്യുതാനന്ദൻ 1938 ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ക്ക് തീവ്രത പോരെന്ന് തോന്നിതുടങ്ങിയതോടെ വിപ്ലവപാര്‍ട്ടിയിലേക്ക് വി എസ് അടുത്തു. പി കൃഷ്ണപിള്ളയുടെ കൈപിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ വി എസ്, പിന്നീട് കൃഷ്ണപിള്ള കാട്ടിയ വഴിയേ നടന്നുനീങ്ങി.

പുന്നപ്ര സമര നായകന്‍

രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനും ജന്മിവാഴ്ചയ്ക്കുമെതിയായിരുന്നു ആദ്യകാല പോരാട്ടം. അതില്‍ ഏറ്റവും പ്രധാനമായിരുന്നു പുന്നപ്രയിലെ വിപ്ലവകാഹളം. തെക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പുന്നപ്ര-വയലാര്‍ പോരാട്ടം സായുധപോരാട്ടത്തിലും രക്തചൊരിച്ചിലിലുമൊക്കെയാണ് കലാശിച്ചത്. ജന്മി-മുതലാളിമാരുടെ ചൂഷണങ്ങളില്‍ വലഞ്ഞ തൊഴിലാളികളെ ചെങ്കൊടിക്ക് കീഴില്‍ അണിനിരത്താന്‍ വി എസും ഏറെ വിയര്‍പ്പൊഴുക്കി. വയലോലകളിലും തെരുവുകളിലും നിറതോക്കുകളുമായി പട്ടാളമിറങ്ങിയപ്പോള്‍ വാരികുന്തവുമായി തൊഴിലാളി സഖാക്കള്‍ നേരിട്ടു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഇക്കാലത്ത് വി എസ് ഒളിവില്‍ കഴിഞ്ഞിട്ടുമുണ്ട്. സമരസഖാക്കളെ ആവേശഭരിതമാക്കിയ രാഷ്ട്രീയബോധം പകര്‍ന്നുനല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

പാലാ സ്റ്റേഷന്‍ അനുഭവം ആത്മകഥയില്‍

ആത്മകഥയില്‍ വി എസ് അക്കാലത്ത് ലോക്കപ്പില്‍ അനുഭവിച്ച ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. 'എന്റെ രണ്ട് കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. തുടര്‍ന്ന് ലോക്കപ്പ് അഴികള്‍ക്ക് വിലങ്ങനെ രണ്ടുകാലിലും ലാത്തിവച്ച് കെട്ടി. കാല്‍ അകത്തേയ്ക്ക് വലിച്ചാല്‍ പോരാതിരിക്കാന്‍. എന്നിട്ട് ലോക്കപ്പ് പൂട്ടി. കുറച്ച് പൊലീസുകാര്‍ ലോക്കപ്പിനകത്തുനിന്നു. കുറച്ച് പൊലീസുകാര്‍ ലോക്കപ്പിന് പുറത്തും. ഞാനാകട്ടെ അകത്തും പുറത്തുമല്ല എന്ന അസ്ഥയിലായിരുന്നു. ഈ അവസ്ഥയിലെത്തിച്ചശേഷം വീണ്ടും ഇ എം എസും കെ പി പത്രോസും എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. ഉളളംകാലില്‍ അടിക്കുന്ന ഓരോ അടിയും തലയില്‍ മുഴങ്ങുന്ന അവസ്ഥ. ഇതിനിടെ ഒരു പോലീസുകാരന്‍ ബയണറ്റ് തോക്കില്‍ ഫിറ്റ് ചെയ്തു. ചോദ്യങ്ങളും മര്‍ദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിച്ച തോക്ക് ഉളളംകാലിലേയ്ക്ക് ആഞ്ഞുകുത്തി. കാല്‍പ്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോരയുടെയും വേദനയുടെയും പ്രളയം. ഇതോടൊപ്പം ബോധം പോയി. പിന്നീട് കണ്ണ് തുറക്കുന്നത് പാലാ ആശുപത്രിയിലാണ്.

ഐക്യ കേരളം പിറന്ന് ബാലറ്റിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ വി എസിന്‍റെ ശൈലിക്കും പ്രവര്‍ത്തനത്തിനും മാറ്റം വന്നു. കമ്യൂണിസ്റ്റ് നേതാവായി ജനങ്ങള്‍ക്കിടയിലേക്ക് വി എസ് ഓടിയെത്തി. അതിനിടയില്‍ പാര്‍ട്ടിയില്‍ ആശയസമരം ശക്തമായപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് സലാം പറഞ്ഞിറങ്ങിയ വി എസ്, സി പി എം രൂപീകരണത്തിലെ നിര്‍ണായക സാന്നിധ്യമായി. 64 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ വി എസിന്റെ സമരം ഏറക്കുറെ ശാന്തമായി ഒഴുകി. ഇതിനിടയില്‍ 67 ല്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലെത്തിയ വി എസ് ജനകീയപ്രശ്‌നങ്ങള്‍ കേരളത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്.

സമരജീവിതത്തിലെ രണ്ടാംഘട്ടം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ നിറസാന്നിധ്യമായിരുന്നു 80 വരെയെങ്കില്‍ ശേഷം അതിനെ നയിക്കുക എന്നതായി വി എസിന്റെ സമരജീവിതം. കാര്‍ക്കശ്യമുള്ള സെക്രട്ടറിയായി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ വി എസ് അരയും തലയും മുറുക്കി രംഗത്തെത്തി. പാര്‍ട്ടിക്കുള്ളിലെ പോരാട്ടവും ശുദ്ധികലശവും പ്രധാനചുമതലയായി കണ്ടു എന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. കേരളത്തിലെ ക്രൗഡ് പുള്ളര്‍ എന്ന വിശേഷണമുണ്ടായിരുന്ന എം വി രാഘവനെയടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഈ ഘട്ടത്തിലായിരുന്നു. ബദല്‍രേഖയുടെ പേരില്‍ പുറത്തുപോകേണ്ടിവരുമെന്ന അവസ്ഥ സാക്ഷാല്‍ ഇ കെ നായനാര്‍ പോലും നേരിട്ടു. ഈ ഘട്ടത്തിലെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ സമരമായി വി എസ് മാറുകയായിരുന്നു. ജനകീയ സമരങ്ങളില്‍ നിന്ന് ഈ ഘട്ടത്തില്‍ വി എസിന്റെ ശ്രദ്ധ പാര്‍ട്ടിപിടിക്കലായി മാറിയെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുമ്പോള്‍, അന്ന് പാര്‍ട്ടി നടത്തിയ സമരങ്ങളെല്ലാം വി എസിന്റെ സമരങ്ങള്‍ കൂടിയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്.

കുട്ടനാടന്‍ നെല്‍പ്പാടത്തെ 'വെട്ടിനിരത്തല്‍ സമരം'

വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു 'വെട്ടിനിരത്തല്‍'. പരിസ്ഥിതി സംരക്ഷണത്തിനായി കേരളത്തിന്റെ വയലേലകളില്‍ പിന്നീടരങ്ങേറിയ പോരാട്ടങ്ങളിലെ നാഴികക്കല്ലായിരുന്നു കുട്ടനാട്ടിലെ ഈ 'വെട്ടിനിരത്തല്‍'. കുട്ടനാട്ടിലെ നെല്‍വയലുകളുടെ സ്ഥാനത്ത് ടൂറിസ്റ്റ് ബംഗ്ലാവുകള്‍ ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങിയപ്പോള്‍ സമരാവേശമായി വി എസ് നേരിട്ടെത്തി. വയലില്‍ ഒരു നികത്തലും വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച വി എസ് പോരാട്ടം തുടങ്ങിയതോടെ കര്‍ഷകരും അണിനിരന്നു. കുട്ടനാടന്‍ നെല്‍പ്പാടങ്ങളിലെ എല്ലാത്തരം നികത്തലുകള്‍ക്കുമെതിരെ വിഎസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ അരിവാളെടുത്തു. മറ്റ് കൃഷികളിലൂടെ നിലം നികത്താനുള്ള ശ്രമങ്ങള്‍ക്കും വി എസിന്റെ 'വെട്ടിനിരത്തല്‍ സമരം' വെല്ലുവിളിയായി. നെല്‍കൃഷിയല്ലാത്ത കൃഷികള്‍ പോലും വെട്ടിനിരത്തിയുള്ള സമരം വി എസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. വികസനവിരുദ്ധനെന്ന പേര് വിമര്‍ശകര്‍ വി എസിന് ചാര്‍ത്തിക്കൊടുത്തതും ഇതിലൂടെയായിരുന്നു. വെട്ടിനിരത്തല്‍ സമരം എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ചെങ്കിലും കാലം കടന്നപ്പോള്‍, ആ പ്രക്ഷോഭം കേരളത്തിലെ എല്ലാ പരിസ്ഥിതി സമരങ്ങളുടേയും തുടക്കമെന്ന് വിശേഷിപ്പിക്കുന്നവരാണ് ഏറിയപങ്കും.

ജനകീയനേതാവായുള്ള മൂന്നാം ഘട്ടം

വി എസിന്റെ സമര ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ആരംഭിക്കുന്നത് 2001 ലാണ്. 100 സീറ്റിന്റെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആന്റണി സര്‍ക്കാരിനെ വിറപ്പിച്ച പ്രതിപക്ഷനേതാവ് അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവായി മാറുകയായിരുന്നു. കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി നേതാവില്‍ നിന്ന് വി എസ് കേരള ജനതയുടെ വികാരമായി മാറുന്ന പോരാട്ടങ്ങളിലേക്ക് നടന്നുകയറുകയായിരുന്നു ഓരോ ദിവസവും. പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങളില്‍ ജനങ്ങളെ ഒപ്പം നിര്‍ത്തി വിജയം നേടിയ തന്ത്രങ്ങളും ഇക്കാലത്ത് വി എസ് പയറ്റി വിജയിച്ചെന്നതും ചരിത്രം. മതികെട്ടാനിലെ ഭൂമി കൈയേറ്റവും പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നവും മറയൂരിലെ ചന്ദനക്കൊള്ളയും ഇടമലയാര്‍ കേസും ഐസ്‌ക്രീം പാര്‍ലര്‍ കേസും കിളിരൂറിലെ വി ഐ പിയും മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ആദ്യഘട്ട പരിശ്രമങ്ങളും കുടംകുളം നിലപാടുമെല്ലാം വി എസിന്റെ പ്രതിച്ഛായ പാര്‍ട്ടിക്കപ്പുറത്തേക്കുള്ള പുതിയ മാനങ്ങളിലെത്തിക്കുകയായിരുന്നു.

മതികെട്ടാന്‍ മല കയറിയുള്ള വി എസിന്റെ പോരാട്ടം

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002 ഏപ്രില്‍ മാസത്തിലായിരുന്നു കേരളത്തിന്റെ പ്രതിപക്ഷനേതാവ് ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ മലയിലെ വന്‍കിട കൈയ്യേറ്റ പ്രദേശങ്ങള്‍ നടന്നുകയറി പ്രക്ഷോഭം പ്രഖ്യാപിച്ചത്. മതികെട്ടാന്‍ മലയില്‍ വന്‍തോതില്‍ കൈയ്യറ്റം നടന്നതെന്നും, നൂറ് കണക്കിന് മരങ്ങള്‍ കത്തിനശിപ്പിക്കപ്പെട്ടുമെന്നുള്ള വാര്‍ത്തകളെ തുടര്‍ന്നായിരുന്നു വി എസിന്റെ സന്ദര്‍ശനം. എണ്‍പതാം വയസില്‍ മതികെട്ടാന്‍ മലയുടെ മുകളില്‍ കയറിനിന്ന വി എസ് കേരളത്തിന്റെ 'ക്ഷുഭിതയൗവന'മാണ് താനെന്ന് കൂടിയാണ് പ്രഖ്യാപിച്ചത്. വി എസിന്റെ നേതൃത്വത്തിലുള്ള നിരന്തരം പോരാട്ടങ്ങളെ തുടര്‍ന്ന് മതിക്കെട്ടാന്‍ മലയിലെ കയ്യേറ്റങ്ങള്‍ അവസാനിച്ചു. മല ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുക പോലും ചെയ്തു.

കോള കമ്പനിക്കെതിരായ പോരാട്ടം

പാലക്കാട് ജില്ലയിലെ ചിറ്റൂരിനപ്പുറത്തുള്ള പ്ലാച്ചിമടയിലെ ജീവിതം താറുമാറാക്കി കുടിവെള്ളം മുട്ടിച്ച കോളകമ്പനിക്കെതിരെ ജനങ്ങള്‍ അണിനിരന്നതോടെ വി എസും തെല്ലിട വൈകാതെ സമരമുഖത്തെത്തി. കൃഷി ഉപജീവനമാക്കി ജീവിതം മുന്നോട്ടുകൊണ്ടുപോയ ജനങ്ങള്‍ക്ക് കുടിക്കാന്‍ പോലും വെള്ളമില്ലെന്ന യാഥാര്‍ത്ഥ്യം ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ വി എസിന്റെ ഇടപെടലുകളുടെ പ്രാധാന്യം വളരെ വലുതായിരുന്നു. പ്ലാച്ചിമട വിഷയത്തില്‍ ആന്റണി സര്‍ക്കാരിനെ നിയമസഭയ്ക്കകത്തും പുറത്തും വിറപ്പിക്കാന്‍ വി എസിന് സാധിച്ചു. ജനകീയ പ്രക്ഷോഭത്തില്‍ വി എസിന്റെ നിലപാടും വലിയ ആവേശമായി. ഒടുവില്‍ കോളകമ്പനി സമരത്തിന് മുന്നില്‍ മുട്ടുമടക്കി.

ഇടമലയാര്‍ നിയമപോരാട്ടം

വി എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഇടമലയാര്‍ കേസിലെ നിയമപോരാട്ടം. കേരളത്തിലെ മന്ത്രിയായിരുന്നൊരാള്‍ അഴിമതിയുടെ പേരില്‍ ജയിലറയ്ക്കുള്ളിലെത്തി എന്നതുതന്നെയാണ് ഏറ്റവും വലിയ സവിശേഷത. കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിലൂടെ വി എസ് തെളിയിക്കുകയായിരുന്നു. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി വന്നത്. ബാലകൃഷ്ണ പിള്ളയ്ക്ക് ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭയില്‍ 1982 ല്‍ വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ ബാലകൃഷ്ണപിള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം കാട്ടിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസും കിളിരൂരിലെ വി ഐ പിയും

കോഴിക്കോട്ടെ ഐസ് ക്രീം - ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പെണ്‍വാണിഭം നടന്നെന്നും വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് അതില്‍ പങ്കുണ്ടെന്നുമായിരുന്നു ആദ്യം ആരോപണമുയര്‍ന്നത്. മുഖ്യ സാക്ഷിയായ റജീന തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തി. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ വിഷയം ഏറ്റെടുത്തതോടെ രാഷ്ട്രീയ കോളിളക്കത്തിനായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. റെജിന മൊഴിമാറ്റിയതും കുഞ്ഞാലിക്കുട്ടി ആരോപണ വിമുക്തനായതിനുമെല്ലാം കേരളം പിന്നീട് സാക്ഷ്യവഹിച്ചെങ്കിലും വിഷയത്തിലെ നിലപാട് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവാക്കി വി എസിനെ മാറ്റിയെന്ന് വിലയിരുത്തലുകളുണ്ടായിട്ടുണ്ട്.

2003 ല്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി കിളിരൂരിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ട വിവാദവും വി എസിന്റെ ഇടപെടലോടെ കേരളമാകെ കോളിളക്കമുണ്ടാക്കി. ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. മരിക്കുന്നതിന് മുമ്പ് ആശുപത്രിയില്‍ സന്ദര്‍ശിച്ചവരില്‍ ഒരു വി ഐ പിയെ കണ്ട് പെണ്‍കുട്ടി ഭയപ്പെട്ടെന്നായിരുന്നു ആരോപണമുയര്‍ന്നത്. പ്രമുഖ സിപിഎം നേതാക്കളായിരുന്നു ആശുപത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചത്. വിഷയം ഏറ്റെടുക്കാനും പെണ്‍കുട്ടിയ്ക്ക് നീതി തേടാനും വി എസ് നേരിട്ടിറങ്ങിയതോടെ സി പി എം നേതൃത്വം പ്രതിസന്ധിയിലായി. പെണ്‍കുട്ടിയെ ഭയപ്പെടുത്തിയ ആ വി ഐ പി ആരെന്ന് പൊലീസ് കണ്ടെത്തണമെന്നായിരുന്നു വി എസ് പരസ്യമായി ആവശ്യപ്പെട്ടത്. കിളിരൂരിലെ വി ഐ പിയെ കയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വി എസ് പ്രഖ്യാപിച്ചപ്പോള്‍ കേരള ജനത ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു. എന്നാല്‍ ആരാണ് ആ വി ഐ പി എന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് ഇന്നും അജ്ഞാതമായി തുടരുകയാണ്.

മുഖ്യമന്ത്രി കസേരയിലേക്കുള്ള പോരാട്ടവഴി

പ്രതിപക്ഷ നേതാവായിരുന്ന അഞ്ചുവര്‍ഷം കൊണ്ട് കേരള ജനതയുടെ സമരാവേശമായി മാറിയ വി എസ് 2006 ലെ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനകം പാര്‍ട്ടിയില്‍ ശക്തമായ വിഭാഗിയതയും വി എസ്- പിണറായി പോരും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളാരും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടിയെന്ന് യോഗത്തിന് ശേഷം പുറത്തിറങ്ങിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയതും പിന്നീടുണ്ടായ കോളിളക്കവും കേരളം ഒരിക്കലും മറക്കില്ല. പി ബി അംഗങ്ങളാരും മത്സരിക്കില്ലെന്ന് പിണറായി പറഞ്ഞതിന് പിന്നാലെ, അങ്ങ് വടക്ക് കാസര്‍കോട്ടെ തെരുവില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധം അണപൊട്ടി. കാസര്‍കോട് നിന്ന് തലസ്ഥാനം വരെ പാര്‍ട്ടി അണികള്‍ തെരിവിലിറങ്ങുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി സെന്ററിന് മുന്നില്‍ രാത്രിയില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഒഴുകിയെത്തി. ഒടുവില്‍ പാര്‍ട്ടി തീരുമാനം തിരുത്തി. കേരളത്തിന് മുന്നില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി എസ് അച്യുതാനന്ദനെ ഞങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന അറിയിപ്പ് എ കെ ജി സെന്ററില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ കേരള ജനതയുടെ ആവേശത്തിന് അതിരില്ലായിരുന്നു. മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയോഗത്തില്‍ നിലപാടെടുത്തവരെല്ലാം വി എസിനൊപ്പമുള്ള ഫോട്ടോയ്ക്ക് വേണ്ടി ഓടിനടന്നു. ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ വി എസ് അമര്‍ന്നിരുന്നു.

മൂന്നാറില്‍ പൂച്ചകളെ ഇറക്കിയുള്ള പോരാട്ടം

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് നടത്തിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളായിരുന്നു മുഖ്യമന്ത്രിയായ വി എസിന്റെ ആദ്യ ശ്രമം. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ പൊളിച്ചടക്കാന്‍ 'പൂച്ചകളെ' ഇറക്കിയുള്ള നീക്കം. 2007 മേയ് 14 നായിരുന്നു വി എസിന്റെ 'മൂന്ന് പൂച്ചകള്‍' മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും റിസോര്‍ട്ടുകളും ഇടിച്ച് നിരത്താന്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ സുരേഷ്‌കുമാര്‍, ജില്ലാ കളക്ടറായിരുന്ന രാജു നാരായണ സ്വാമി, ഐജിയായിരുന്ന ഋഷിരാജ് സിംഗ് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കയ്യടിനേടിയാണ് തുടക്കം കുറിച്ചത്. സിനിമാ സ്‌റ്റൈലില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ കേരളം മുഴുവന്‍ കോരിത്തരിച്ചു. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിതന്നെ നേരിട്ടിറങ്ങിയതോടെ മൂന്നാര്‍ പൂച്ചകളുടെ മുന്നേറ്റം അധികം നീണ്ടില്ല. മൂന്നാറില്‍ വയ്ക്കുന്ന കൈ വെട്ടുമെന്നായിരുന്നു മണിയുടെ ഭീഷണി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വി എസിന് അതില്‍ വിജയം നേടാനായില്ല. പിന്നീട് കോടതികളുടെ പോലും വിമര്‍ശനം നേരിടേണ്ടിവന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച കൂടംകുളം യാത്ര

രാജ്യശ്രദ്ധയാകര്‍ഷിച്ച കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരത്തില്‍ സി പി എം നിലപാടിനെ വെല്ലുവിളിച്ചായിരുന്നു വി എസ് യാത്ര തുടങ്ങിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന്റെയടക്കം നിലപാടിനെ തള്ളികളഞ്ഞ് വി എസ് ജനകീയസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരസ്ഥലത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് മടങ്ങി. ജനങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും ഒരു ദോഷവും വരുത്തുന്നതല്ല എന്ന് പഠനം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടംകുളം ആണവ നിലയ പദ്ധതിയുമായി മുമ്പോട്ട് പോകാവൂ എന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ ലാത്തി ചാര്‍ജോ മര്‍ദനമോ വെടിവെപ്പോ നടത്തുന്നത് പ്രതിഷേധാത്മക നടപടിയാണെന്ന് തമിഴ്‌നാട് സര്‍ക്കാരിനെ അറിയുക്കുന്നതായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ച ശേഷമായിരുന്നു ആ മടക്കമെന്നതും ശ്രദ്ധേയമായി.

ടിപി ചന്ദ്രശേഖരന്റെ അരുംകൊലയ്‌ക്കെതിരായ നിലപാട്

ടി പി ചന്ദ്രശേഖരന്റെ ജീവനെടുത്ത അമ്പത്തിയൊന്നുവെട്ട് രാഷ്ട്രീയ കേരളത്തിലുണ്ടാക്കിയ കോളിളക്കം ചില്ലറയല്ല. സി പി എമ്മിനെതിരെ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടിയുടെ പടിയിറങ്ങേണ്ടിവന്ന ടി പി, റവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി കോഴിക്കോട്ടും വടകര-ഒഞ്ചിയം മേഖലയിലും വലിയ വെല്ലുവിളിയായി മാറി. ഒടുവില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ കത്തി ടി പിയുടെ ജീവനെടുത്തപ്പോള്‍ വി എസ് അച്യുതാനന്ദനും അത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പാര്‍ട്ടിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ വി എസ്, ടിപിയുടെ വിധവ രമയുടെ കണ്ണീരൊപ്പാന്‍ വിട്ടിലെത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ വി എസിന്റെ യാത്ര സി പി എമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ടി പിക്ക് നീതി തേടിയുള്ള വി എസിന്റെ നിലപാടും കേരളമാകെ ചര്‍ച്ചയായി. വിഭാഗീയത പരകോടിയിലെത്തിയ നാളുകളിലെ വി എസിന്റെ നിലപാട് ഒരു ഘട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള യാത്രയെന്ന വിലയിരുത്തലുകള്‍ പോലുമുണ്ടാക്കി. എങ്കിലും നിലപാടില്‍ മാറ്റമില്ലാതെ, ടി പിക്കുവേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് കഴിയുന്നത്ര ശബ്ദമുയര്‍ത്താന്‍ വി എസ് ശ്രമിച്ചു.

പിണറായിയെ നേരിട്ട വിഎസിന്റെ ലാവലിന്‍ പോരാട്ടം

സി പി എമ്മിലെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയതായിരുന്നു വി എസിന്റെ ലാവലിന്‍ നിലപാട്. ലാവലിന്‍ അഴിമതിയുണ്ടെന്നും അതില്‍ പിണറായിയുടെ പങ്കെത്രയെന്നുമുള്ള ചോദ്യമായിരുന്നു ഈ ഘട്ടത്തിലെല്ലാം വി എസ് പരസ്യമായി ചോദിക്കാതെ നിലപാടിലൂടെ ചോദിച്ചുകൊണ്ടേയിരുന്നത്. ലാവലിനില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ പോലും വി എസ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. രാഷ്ട്രീയമായും നിയമപരമായും ലാവലിന്‍ ആരോപണം നേരിടുമെന്ന് പാര്‍ട്ടിയും പൊളിറ്റ്ബ്യൂറോയും വ്യക്തമാക്കിയിട്ടും വി എസ് കുലുങ്ങിയില്ല. ഒളിഞ്ഞും തെളിഞ്ഞും ലാവലിന്‍ ആയുധമാക്കി വി എസ് മുന്നേറി. പാര്‍ട്ടിക്കുള്ളില്‍ സര്‍വ്വപ്രതാപിയായി മാറിക്കഴിഞ്ഞ സെക്രട്ടറിയെ പൊതുസമൂഹത്തില്‍ ചോദ്യംചെയ്യാന്‍ ലാവലിനിലൂടെ വി എസ് എന്നും ശ്രദ്ധിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലത്തും ശേഷം പ്രതിപക്ഷനേതാവായി വീണ്ടുമെത്തിയപ്പോഴും എല്ലാം നിലപാട് കൊണ്ടും സമരപോരാട്ടം കൊണ്ടും വി എസ് കേരളക്കരയെ ത്രസിപ്പിച്ചുകൊണ്ടേയിരുന്നു. മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ 'പെമ്പിളൈ ഒരുമ' സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നപ്പോള്‍, പ്രക്ഷുബ്ദമായ സമരക്കൂട്ടത്തിലേക്ക് വി എസ് കൈയ്യടികളേറ്റുവാങ്ങിയാണ് കടന്നുചെന്നത്. ആശുപത്രി മുതലാളിമാര്‍ക്കെതിരെ ശക്തമായ നിലപാട് പറയാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ മടിച്ചുനിന്നപ്പോള്‍, പുതു തലമുറ നേതാക്കള്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍, തെരുവിലിറങ്ങിയ നഴ്സുമാര്‍ക്ക് ആവേശവും ധൈര്യവും പകര്‍ന്നത് 90 കഴിഞ്ഞ കേരളത്തിന്റെ ക്ഷുഭിത യൗവ്വനമായ വി എസ് തന്നെയായിരുന്നു.

പൊതുപ്രവർത്തനത്തിന്‍റെ അവസാനകാലത്തും ആ പോരാട്ടങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ തൊടുക്കാൻ ഒരിക്കലും വി എസ് മടിച്ചിട്ടില്ല. കസ്റ്റഡിയിലെ മൂന്നാംമുറ മുതല്‍ പരിസ്ഥിതി വിഷയങ്ങളിലടക്കം വി എസ് തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്നു. മോദി സര്‍ക്കാരിനെതിരെയും വി എസ് എന്നും വിമർശന ശരമെയ്തിരുന്നു. സി എ എ വിഷയത്തിലടക്കം പ്രതിഷേധം രേഖപ്പെടുത്തിയ വി എസ് കേരള ജനതയുടെ എക്കാലത്തെയും പ്രിയപ്പെട്ട സമരനായകന്‍ തന്നെയാണെന്ന് അടിവരയിട്ടുകൊണ്ടേയിരുന്നു. എട്ടുപതിറ്റാണ്ട് നീണ്ട ആ രാഷ്ട്രീയ ജീവിതം മലയാളക്കരയുടെ വിപ്ലവ ബോധത്തിന്റെയും രാഷ്ട്രീയ പ്രതിബദ്ധതയുടേയും സമരകാഹളത്തിന്റെയും കാവല്‍വിളക്ക് കൂടിയായിരുന്നു. അത്രമേല്‍ സമരപുളകിതമായ ജിവിതത്തില്‍ നിന്ന് വി എസ് യാത്രയാകുമ്പോള്‍ ഒരു ജനത ഒന്നാകെ നൊമ്പരപ്പെടുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. തങ്ങളുടെ ജീവിത സമരങ്ങള്‍, വി എസ് എന്ന നായകനില്ലാതെ അനാഥമാകുമോയെന്ന ഭയം കേരള ജനതയെ എന്നും വേട്ടയാടുമെന്നുറപ്പ്.