Asianet News MalayalamAsianet News Malayalam

'അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം, ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ'; ആശങ്ക പങ്കുവച്ച് ബൽറാം

വ്യക്തിപരമായ വളർച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മിൽ താരതമ്യമുണ്ടാവുമ്പോൾ മലയാളികൾ ഓരോന്നിനും നൽകുന്ന വെയ്റ്റേജ് തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്

VT Balram reaction balachandran chullikkad and anil balachandran issues
Author
First Published May 25, 2024, 9:45 PM IST

പാലക്കാട്: പ്രസംഗത്തിനിടെ അസഭ്യ വാക്കുകൾ പ്രയോഗിച്ചതിനെ തുടർന്ന് മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്‍റെ പരിപാടി നിർത്തിവച്ച സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ പ്രതിഫല വിവാദ വിഷയം ചൂണ്ടികാട്ടിയാണ് ബൽറാമിന്‍റെ പ്രതികരണം. അനിൽ ബാലചന്ദ്രനെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്‍റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ബൽറാം പങ്കുവച്ചത്.

'എല്ലാം ശരിയാകുന്നുണ്ട്', 2016 ലെ കുറിപ്പ് പിണറായിയെ ഓർമ്മിപ്പിച്ച് സതീശൻ; 'രാജേഷിനൊപ്പം റിയാസും സംശയ നിഴലിൽ'

കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം കിട്ടുമ്പോൾ, ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിൻബലത്തിൽ രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ പ്രതിഫലം നൽകിയ സാഹചര്യം ഉണ്ടായതിൽ കേരളം ആശങ്കപ്പെടണം എന്നാണ് ബൽറാം വിവരിച്ചത്. ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകൾക്കും ഒരു കാരണം ഇതാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ബൽറാമിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. കാരണം ഇവിടെ കേൾവിക്കാർ പ്രതീക്ഷിക്കുന്നത് അവരവരുടെ വ്യക്തിപരമായ വികാസവും സാമ്പത്തിക അഭിവൃദ്ധിയുമാണ്. എന്നാൽ ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിൻബലത്തിൽ രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ! ഇവിടെ വിഷയം മഹാകവി കുമാരനാശാന്റെ കവിതകളിലൂടെ ചർച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ പൊതുവായ ചില രാഷ്ട്രീയ, സാമൂഹിക കാര്യങ്ങൾ. ഇപ്പോഴത്തെ വിവാദത്തിൽ എനിക്ക് താത്പര്യം തോന്നിയത് ഈയൊരു ആംഗിളിലാണ്. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉൾക്കൊള്ളാനാവുന്നുണ്ട്. എന്നാൽ വ്യക്തിപരമായ വളർച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മിൽ താരതമ്യമുണ്ടാവുമ്പോൾ മലയാളികൾ ഓരോന്നിനും നൽകുന്ന വെയ്റ്റേജ് തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകൾക്കും ഒരു കാരണം ഇതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios