കൊച്ചി: വൈറ്റില മേൽപ്പാലം, ഉദ്ഘാടനത്തിന് മുമ്പ് ബാരിക്കേഡുകൾ നീക്കി തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാനെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകൾ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്.

ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്. മേൽപാലം തുറന്ന് കൊടുക്കാൻ വൈകുന്നെന്ന് ആരോപിച്ച് വി ഫോർ കൊച്ചി സമരം നടത്തിയിരുന്നു. ഒരു വശത്തെ ബാരിക്കേഡ് എടുത്തുമാറ്റിയതിനെ തുടർന്ന് ലോറി അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ കയറി വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. അബദ്ധത്തിൽ കയറിപ്പോയ വാഹനങ്ങൾ പുറകോട്ടിറക്കി പൊലീസ് പാലം വീണ്ടുമടച്ചു.