പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ ദുരൂഹമായി പൊലീസിന്‍റെ മൊഴിയെടുപ്പ്. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞദിവസം വനിതാ പൊലീസുകാർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. താൻ പറഞ്ഞ കാര്യങ്ങൾ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന 
ആരോപണവുമായി പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി.

പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരാണ് പെൺകുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നൽകിയപ്പോൾ മരിച്ചു എന്നാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയത്. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുൾക്കൊളളാതെയാണ് തന്റെ വാക്കുകൾ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു. കേസിൽ തുടരന്വേഷണമോ, പുനർവിചാരണയോ തീരുമാനമാവാത്ത സാഹചര്യത്തിൽ ഇത്തരം കീഴ്‌വഴക്കം പതിവില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. കേസ് വീണ്ടും അട്ടിമറിക്കപ്പെടും എന്നാണ് ആണ് വീട്ടുകാരുടെ ആശങ്ക. 

മൊഴിയെടുത്തത് വനിതാ സെൽ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇന് എന്തിനെന്ന് വ്യക്തമാക്കിയില്ല. ഇത്തരമൊരു മൊഴി എടുക്കുന്ന കാര്യം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതാണ് ഏറെ വിചിത്രം.