Asianet News MalayalamAsianet News Malayalam

അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ  മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Warning of heavy rains; Orange alert in two districts in the state
Author
First Published Oct 29, 2023, 9:34 PM IST

തിരുവനന്തപുരം: അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ  മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പൊന്നുമില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് ദിവസം കേരളത്തില്‍ പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ്  ശക്തമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് ദിവസം വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ട്. തമിഴ്നാട്ടിലും മഴ സജീവമായേക്കും. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4  മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. 

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.


അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. 

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കിഴക്കൻ കാറ്റ് ശക്തമാകാൻ സാധ്യത; 3 ദിനം ഇടിമിന്നലോടെ മഴ, 11 ജില്ലകളിലും ഇന്ന് മുന്നറിയിപ്പ്, ജാഗ്രത നിർദേശം

 

Follow Us:
Download App:
  • android
  • ios