കിടപ്പ് രോഗിയായ പിതാവിനെയും സ്കൂളിൽ പോകുന്ന കുട്ടികളെയും മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് താങ്ങിയെടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ആധാരത്തിലുള്ള മൂന്നടി നടപ്പുവഴി നൽകാൻ പോലും അയൽക്കാർ തയ്യാറാവുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

കണ്ണൂര്‍: അയല്‍വാസികള്‍ നാല് ചുറ്റും മതില്‍കെട്ടി അ‍ടച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ കണ്ണൂരിൽ ഒരു കുടുംബം. ആദികടലായി കുന്നോന്‍റവിട അഷ്റഫും കുംടുംബവുമാണ് പുറത്തിറങ്ങാനാകാതെ വലയുന്നത്. കിടപ്പ് രോഗിയായ പിതാവിനെയും സ്കൂളിൽ പോകുന്ന കുട്ടികളെയും മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് താങ്ങിയെടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയിലാണ് അഷ്റഫ് ഉള്ളത്. ആധാരത്തിലുള്ള മൂന്നടി നടപ്പുവഴി നൽകാൻ പോലും അയൽക്കാർ തയ്യാറാവുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. വില്ലേജ് ഓഫീസിലും കളക്ട്രേറ്റിലും പരാതി നൽകിയെങ്കിലും ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.

വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ താല്‍ക്കാലിക വഴിയൊരുങ്ങി. അയല്‍വാസികള്‍ കെട്ടിയടച്ച മതിലിന്‍റെ ഒരു ഭാഗം തുറന്ന് കൊടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് വഴിയടഞ്ഞ കണ്ണൂരിലെ ആറംഗ കുടുംബത്തിന് ആശ്വാസം ആയത്. ശ്വാശ്വത പരിഹാസം ഒരാഴ്ചയ്ക്കകം കാണുമെന്ന് തളിപ്പറമ്പ ആര്‍ഡിഒ പ്രതികരിച്ചു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. സ്ഥിരം വഴി ഉറപ്പാക്കുമെന്ന് കണ്ണൂർ മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദികടലായിലെ കുടുംബത്തിന് വഴി ഉറപ്പാക്കുമെന്നും ഇതിനായി ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തരാൻ ആര്‍ഡിഒയെ ചുമതലപ്പെടുത്തുകയാണെന്നും കണ്ണൂർ മേയർ പറഞ്ഞു. മൂന്നടി വഴികൊടുക്കാത്ത അയൽക്കാരുടെ സമീപനം ക്രൂരമാണെന്നും മേയർ ടി ഒ മോഹനൻ പ്രതികരിച്ചു. 

YouTube video player

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് നെടുങ്കണ്ടം സർക്കാർ പോളിടെക്നിക്

വർഷങ്ങളായി താമസിക്കുന്ന വീടിനു മുന്നിൽ കോളജ് അധികൃതർ മുള്ളുവേലി (Compound Wall) സ്ഥാപിച്ചതോടെ പുറത്തിറങ്ങാൻ വിഷമിക്കുകയാണ് മൂന്നു കുടുംബങ്ങളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ. നെടുങ്കണ്ടം (Nedumkandam) മഞ്ഞപ്പെട്ടിയിലാണ് സംഭവം. സർക്കാർ പോളി ടെക്നിക്ക് കോളജ് അധികൃതരാണ് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് മുള്ളുവേലി സ്ഥാപിച്ചത്.

കാണുമ്പോള്‍ മുളളുവേലി ചാടിക്കടന്ന് മറ്റാരുടെയെങ്കിലും പറമ്പിലേക്ക് അതിക്രമിച്ച് കയറുന്നത് പോലെ തോന്നുമെങ്കിലും സംഭവം അങ്ങനെ അല്ല. പകരം സ്വന്തം വീടിനുള്ളിലേക്ക് കടക്കാനുള്ള പെടാപ്പാടാണിത്. കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ പോലും ഇങ്ങനെ നൂണ്ടു കടക്കണം. മഞ്ഞപ്പെട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന നെടുങ്കണ്ടം ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജ് വക ഭൂമി സംരക്ഷിയ്ക്കുന്നതിനായാണ് ഈ വേലി നിർമ്മിച്ചത്. ഇതോടെ കോളജിൻറെ സ്ഥലത്തു കൂടെ 20 വർഷമായി ഇവർ ഉപയോഗിച്ചിരുന്ന വഴി ഇല്ലാതായി. വീട്ടിലേക്ക് കയറാനുള്ള മാർഗം അടക്കരുതെന്നു കാണിച്ച് റവന്യൂ മന്ത്രി അടക്കമുള്ളവർക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് കോളജ് മുള്ളുവേലി സ്ഥാപിച്ചത്.

സംഭവം സംബന്ധിച്ച് ഉടുമ്പൻചോല തഹസിൽദാർ ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം കോളജിന്റെ സുരക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നതിനായാണ് കോമ്പൗണ്ടിന് ചുറ്റും മുള്ളുവേലി സ്ഥാപിച്ചതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ഡയറക്ടറേറ്റില്‍ നിന്നും അനുമതി ലഭിച്ചെങ്കിൽ മാത്രമെ നടപ്പ് വഴി അനുവദിയ്ക്കാനാവു എന്നും കോളജ് അധികൃതർ പറയുന്നു.

Also Read:സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് നെടുങ്കണ്ടം സർക്കാർ പോളിടെക്നിക്; വീട്ടിലേക്ക് പോകാൻ മുള്ളുവേലി താണ്ടണം