ദില്ലിയിൽ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കവേ, വി ഡി സതീശന് ഉറച്ച പിന്തുണയുമായി മുസ്ലീം ലീഗ് നിർണായക നീക്കം നടത്തുന്നു. പ്രഖ്യാപനത്തിന് ശേഷം പാണക്കാട് അടിയന്തര യോഗം ചേരാനും, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാനും ലീഗ് തീരുമാനിച്ചു. ഇക്കാര്യം പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മലപ്പുറം: കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച ദില്ലയിൽ നടക്കുമ്പോൾ നിർണായക നീക്കവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗ് യോഗം ചേരും. പാണക്കാട് വെച്ചാണ് യോഗം. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താനാണ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശന്‍റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.

സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി. ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീഗ്. എന്നാൽ ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺഗ്രസ് മുന്നോട്ട് പോയാൽ ലീഗ് കടുത്ത നിലപാട് എടുക്കുമെന്ന് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങളാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.
ലീഗിന്റെ രണ്ടു യോഗങ്ങൾ ചേർന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്. കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീഗിൽ താൽപ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശന്‍റെ മതേതര നിലപാടുകൾ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ സതീശന് വേണ്ടിയുള്ള പ്രകടനത്തിൽ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹകരിക്കില്ലെന്ന നിലപാടും പ്രാദേശിക നേതാക്കൾ പറയുന്നു.


