ചിരഞ്ജീവിയും മകനും കൂടി ഒരു കോടി, പത്തനംതിട്ട കളക്ടർ, സ്റ്റീഫൻ ദേവസ്യ, മേജർ രവി; ദുരിതാശ്വാസ നിധിയിലെ കണക്ക്
എല്ലാ ദിവസവും പോലെ ഇന്ന് ഇതുവരെ ലഭിച്ച കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ കൈത്താങ്ങേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം പ്രവഹിക്കുന്നു. എല്ലാ ദിവസവും പുറത്തുവിടുന്നതുപോലെ ഇന്ന് ഇതുവരെ ലഭിച്ച കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ചലച്ചിത്രതാരം ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരു കോടി രൂപയാണ് നൽകിയത്.
ഇന്നത്തെ കണക്ക് ഇപ്രകാരം
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി - 10 ലക്ഷം രൂപ, മേജർ രവി - രണ്ടു ലക്ഷം രൂപ, കേരള ഫോക് ലോർ അക്കാദമി - അഞ്ച് ലക്ഷം രൂപ, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ ഒരു മാസത്തെ ശമ്പളം, കെ പി മോഹനൻ എം എൽ എ ഒരു മാസത്തെ ശമ്പളം, പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ - 2.5 ലക്ഷം രൂപ, കോഴിക്കോട് എന്‍ ഐ പി എം എസ് അക്കാദമി - 50,000 രൂപ, കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായ ജി എസ് ശ്രീജിഷും ഭാര്യ ഷിജി സി കെയും ചേർന്ന് - ഒരു ലക്ഷം രൂപ, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ എസ് എസ് ഐ എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
കേരള കോൺഗ്രസ് എം - എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചു. വയനാട് ദുരന്തത്തിൽ സർവം തകർന്നു നിൽക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് കേരള കോൺഗ്രസ് എമ്മിന്റെ ജനപ്രതിനിധികൾ രംഗത്ത് എത്തുന്നത്. വയനാട് ജനതയ്ക്ക് അതിജീവനത്തിന് കൈത്താങ്ങ് ആവുകയാണ് കേരള കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മണി എംപി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം