ജൂലൈ 30ന് അതിശക്തമായ മഴ പെയ്യുന്നതിന്‍റെ നടുക്കുന്ന കാഴ്ച; മുണ്ടക്കൈ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ജൂലൈ 30ന് ശക്തമായ മഴ പെയ്യുന്നതിന്‍റെ നടുക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പിആര്‍ഡി ആണ് ഈ വീഡിയോ പുറത്ത് വിട്ടത്.
കല്‍പ്പറ്റ: ഉരുൾപൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 30ന് ശക്തമായ മഴ പെയ്യുന്നതിന്‍റെ നടുക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പിആര്‍ഡി ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. മുന്നറിയിപ്പ് നൽകുന്നതിലും മുന്നൊരുക്കങ്ങളിലും വിവിധ ഏജൻസികൾക്കുണ്ടായ വീഴ്ചയാണ് ഒരു നാടിനെയാകെ മായ്ച്ച് കളഞ്ഞ മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത്. അതീതീവ്രമഴ മുന്നറിയിപ്പ് നൽകുന്നിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ചയുണ്ടായി. തുടർച്ചായി മഴ പെയ്തിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും പാളിച്ചയുണ്ടായി.
ജുലൈ 30 ന് പുലർച്ചെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് മുണ്ടെക്കെയെ തകർത്തത്. ദുരന്തമുണ്ടാകുമ്പോൾ ഓറഞ്ച് അലർട്ടായിരുന്നു വയനാടിൽ നിലവിലുണ്ടായിരുന്നത്. 204.4 മി.മീ വരെ മഴ പെയ്യാനുള്ള സാധ്യതാണ് ഓറഞ്ച് അലർട്ട്. ദുരന്തമുണ്ടായ മുണ്ടൈക്കൈയിൽ ഐഎംഡിക്ക് പക്ഷെ മഴമാപിനിയില്ല. ആ ദിവസങ്ങളിൽ തൊട്ടടുത്ത സ്റ്റേഷനുകളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും 29ന് ഉച്ചയ്ക്ക് മാത്രമാണ് ഓറഞ്ച് അലർട്ട് പോലും പ്രഖ്യാപിച്ചത്. 29ന് രാത്രി വയനാട് ഉൾപ്പെടയുള്ള വടക്കൻ കേരളത്തിൽ കനത്ത മഴ സാധ്യത റഡാർ ഇമേജുകളിൽ വ്യക്തമായിരുന്നു. രാത്രി വൈകിയും അതിശക്തമായ മഴ സാധ്യത റഡാറിൽ തെളിഞ്ഞു. ദുരന്തം കൺമുന്നിലുണ്ടായിരുന്നിട്ടും അലർട്ട് റെഡായില്ല.
ദുരന്തമുണ്ടായതിന് പിന്നാലെ 30ന് പുലർച്ചെ മാത്രമാണ് ഓറഞ്ച് അലർട്ട് റെഡാക്കി മാറ്റുന്നത്. കൃത്യസമയത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിൽ ഐഎംഡിക്കുണ്ടായത് ഗുരുതര വീഴ്ചയാണ്. വയനാട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ പഠനകേന്ദ്രമായ ഹ്യൂം സെന്ററിന്റെ മഴ മാപിനികളിൽ ആ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് അതിശക്തമായ മഴയായിരുന്നു. പുത്തുമലയിൽ 48 മണിക്കൂറിനിടെ പെയത്ത് 572 മില്ലി മീറ്റർ മഴയാണ്. തെറ്റമലയിൽ 430 മി.മീ മഴയും ഉണ്ടായി. ദുരന്തം തൊട്ടരികെ എന്ന് ഹ്യൂം സെന്റർ ജില്ലാഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നിട്ടും ദുരന്തസാധ്യത പട്ടികയിൽ ഡീപ് റെഡ് സോണിലായിരുന്ന മുണ്ടൈക്കയിൽ നിന്ന് ചുരുക്കമാളുകളെ മാത്രമാണ് ജില്ലാ ഭരണകൂടം മാറ്റിപാർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം