വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് പ്രാദേശിക നേതാവ് ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്തുവന്നു. അനർഹമായത് കൈപ്പറ്റിയിട്ടില്ലെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും ജോസ് നല്ലേടത്തിന്റെ സന്ദേശത്തില്‍ പറയുന്നു.
വയനാട്: വയനാട് പുൽപ്പള്ളിയിലെ കോൺഗ്രസ് പ്രാദേശിക നേതാവ് ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യയിൽ പൊലീസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. കത്തിൽ പരാമർശങ്ങൾ ഉള്ളവരെയും ചോദ്യം ചെയ്യും. ജോസ് നെല്ലേടത്തിൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധിച്ചു. അതിനിടെ, ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്തുവന്നു. ആത്മഹത്യക്ക് മുൻപ് പ്രാദേശിക മാധ്യമ പ്രവർത്തകനെ വിളിച്ചുവരുത്തി നൽകിയ പ്രതികരണം ആണ് പുറത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ മോശം പ്രചാരണം നടന്നു. താൻ അഴിമതിക്കാരനാണെന്ന് ചിലർ പ്രചരിപ്പിച്ചു. ഇതുവരെ അനർഹമായി യാതൊന്നും കൈപ്പറ്റിയിട്ടില്ല. തങ്കച്ചൻ്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന് തെറ്റായ വിവരമാണ് തനിക്ക് ലഭിച്ചത് എന്നും ജോസ് പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം കാരണമാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന സന്ദേശമാണ് പുറത്ത് വന്നത്. തങ്കച്ചൻ്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന് തെറ്റായ വിവരമാണ് ലഭിച്ചതെന്നും നേതാവ് ജോസ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇതിന്റെ പേര്‍ തന്നെ അഴിമതിക്കാരനാണെന്ന് ചിലർ പ്രചരിപ്പിച്ചത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ജോസ് പറയുന്നു. ജോസ് നല്ലേടത്തിന്റെ സന്ദേശം പൊലീസ് വീഴ്ച ഉന്നയിക്കുന്നതാണ്. തങ്കച്ചൻ്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന് തെറ്റായ വിവരമാണ് തനിക്ക് ലഭിച്ചത്. അത് പൊലീസിനെ അറിയിച്ചിരുന്നു. മുൻപും ഇത്തരത്തിൽ പല വിവരങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. പൊലീസ് ചെയ്യേണ്ടിയിരുന്നത് അതിലെ യാഥാർത്ഥ്യം അന്വേഷിച്ച് കേസെടുക്കുകയായിരുന്നു എന്ന് ജോസ് നെല്ലേടം പറയുന്നു. ജോസ് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പ്രാദേശിക മാധ്യമ പ്രവർത്തകനെ വിളിച്ചുവരുത്തിയാണ് പ്രതികരണം നൽകിയത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം നടക്കുന്ന പ്രചാരണം കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നു. അനർഹമായത് കൈപ്പറ്റിയിട്ടില്ലെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും ജോസ് നല്ലേടത്തിന്റെ സന്ദേശത്തില്‍ പറയുന്നു.
ജോസിനെ രക്ഷിക്കാൻ ശ്രമിച്ച ബെന്നിയുടെ പ്രതികരണം
കൈ ഞരമ്പ് മുറിച്ചും വിഷം കഴിച്ചും മരണാസന്നനായി കിടന്ന ജോസിനെ രക്ഷിക്കാൻ ഓടിയെത്തിയത് ബെന്നി ആയിരുന്നു. ചുമക്കുന്ന ശബ്ദം കേട്ടാണ് തൻറെ കൃഷിയിടത്തിൽ ജോലിയെടുത്തു കൊണ്ടിരുന്ന ബെന്നി ജോസ് കിടന്ന കുളത്തിനരികിലേക്ക് എത്തിയത്. ആദ്യം ചുമക്കുന്ന ശബ്ദം കേട്ടിരുന്നെങ്കിലും സംശയിച്ച് പിൻവാങ്ങുന്ന സമയത്ത് വീണ്ടും ചുമ കേൾക്കുകയായിരുന്നു. കുളത്തിലിറങ്ങി നിന്ന് ജോസ് സമീപത്തെ ശീമക്കൊന്നയിൽ പിടിച്ചിട്ടുണ്ടായിരുന്നു. അരികിലേക്ക് എത്തിയ ബെന്നി ഇയാളെ കുളത്തിൽ നിന്ന് വലിച്ചു കയറ്റി. ഇതിനിടെ എന്തിനാണ് ജോസേ ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ആരോടും പറയണ്ട ആശുപത്രിയിൽ കൊണ്ടുപോകരുത് എന്നായിരുന്നു മറുപടി എന്ന് ബെന്നി പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയെക്കുറിച്ച് ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)


