മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തിൻ്റെ മരണത്തിൽ പ്രതികരിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയായ കുഞ്ചറക്കാട്ട് ബെന്നി. ആശുപത്രിയിൽ കൊണ്ടുപോകരുതെന്ന് ജോസ് പറഞ്ഞതായി ബെന്നി പറയുന്നു.

പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തിൻ്റെ മരണം വയനാട്ടിലെ കോൺഗ്രസിനുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ജോസിനെ മരണത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയായ കുഞ്ചറക്കാട്ട് ബെന്നി. കൈ ഞരമ്പ് മുറിച്ചും വിഷം കഴിച്ചും മരണാസന്നനായി കിടന്ന ജോസിനെ രക്ഷിക്കാൻ ഓടിയെത്തിയത് ബെന്നി ആയിരുന്നു. ചുമക്കുന്ന ശബ്ദം കേട്ടാണ് തൻറെ കൃഷിയിടത്തിൽ ജോലിയെടുത്തു കൊണ്ടിരുന്ന ബെന്നി ജോസ് കിടന്ന കുളത്തിനരികിലേക്ക് എത്തിയത്. ആദ്യം ചുമക്കുന്ന ശബ്ദം കേട്ടിരുന്നെങ്കിലും സംശയിച്ച് പിൻവാങ്ങുന്ന സമയത്ത് വീണ്ടും ചുമ കേൾക്കുകയായിരുന്നു. കുളത്തിലിറങ്ങി നിന്ന് ജോസ് സമീപത്തെ ശീമക്കൊന്നയിൽ പിടിച്ചിട്ടുണ്ടായിരുന്നു. അരികിലേക്ക് എത്തിയ ബെന്നി ഇയാളെ കുളത്തിൽ നിന്ന് വലിച്ചു കയറ്റി. ഇതിനിടെ എന്തിനാണ് ജോസേ ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ആരോടും പറയണ്ട ആശുപത്രിയിൽ കൊണ്ടുപോകരുത് എന്നായിരുന്നു മറുപടി എന്ന് ബെന്നി പറഞ്ഞു.

കുളത്തിൽ നിന്ന് കയറ്റുന്നതിനിടയിൽ ജോസ് വീണ്ടും വെള്ളത്തിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു. ഒരു വിധത്തിൽ കരക്ക് കയറ്റി സമീപത്തെ വീടുകളിൽ വാഹനത്തിനായി ചെന്നെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു ഓട്ടോ വരുത്തി അതിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പ്രദേശവാസിയായ മറ്റൊരാൾ കാറുമായി എത്തി. പുൽപ്പള്ളിയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കുളത്തിൽ വിഷം കഴിച്ചും ഞരമ്പ് കൈ മുറിച്ചും ഗുരുതരാവസ്ഥയിൽ ജോസിനെ കണ്ടെത്തിയത്.

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറാണ്. പുൽപ്പള്ളിയിലെ ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു ജോസ്. ഇദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗം പാർട്ടി സഹപ്രവർത്തകരെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചായി ഒന്നു വിജയം. ജോസിൻ്റെ മരണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളി പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം കാനാട്ട്മല തങ്കച്ചൻ്റെ വീട്ടിൽ മദ്യവും കഞ്ചാവും കൊണ്ടുവെച്ച സംഭവത്തിൽ ജോസിൻ്റെ പേര് പരാമർശിക്കപ്പെട്ടിക്കുന്നു. ജോസിന്റെ മരണത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം.