ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തിരുന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുമോ? നിസ്സാരമെന്ന് വയനാട്ടുകാരന്‍ മാത്യൂസ് ജോയല്‍
സുല്‍ത്താന്‍ബത്തേരി: ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്ത് നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആകുമോ? ഇതുകേട്ടാല്‍ ഭൂരിഭാഗം ആളുകളുടെയും മറുപടി കഴിയില്ലെന്നായിരിക്കും. അത് പറയാന്‍ കാരണവും ഉണ്ട്. പണ്ടാണെങ്കില്‍ വിവാഹം ഒന്നു രജിസ്റ്റര്‍ ചെയ്തുകിട്ടാന്‍ വരനും വധുവും ഓഫീസിലെത്തണം. സാക്ഷികള്‍ ഹാജരാകണം പിന്നെ ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങണം.
എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനും പരിഹാരമായി കെ-സ്മാര്‍ട്ട് ഉണ്ടെന്നാണ് കേരളസര്‍ക്കാര്‍ പറയുന്നത്. വിവാഹം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ പുതുവത്സര ദിനം മുതല്‍ കെ-സ്മാര്‍ട്ടിലേക്ക് മാറിയതോടെ സുല്‍ത്താൻ ബത്തേരി നഗസഭയില്‍ നടത്തിയ വിവാഹ രജിസ്‌ട്രേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നായിരിക്കുകയാണ്. സംഭവം ഇങ്ങനെ:
വയനാട് കൃഷ്ണഗിരി സ്വദേശി തൊമ്മന്‍കുടിയില്‍ മാത്യുസ് ജോയല്‍ മാത്യുവും ഭാര്യ ചിഞ്ചുമോള്‍ തങ്കച്ചനും തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകിട്ടാന്‍ ബത്തേരി നഗരസഭയില്‍ അപേക്ഷ നല്‍കി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോലിക്കായി മാത്യൂസ് ജോയലിന് കാനഡയിലേക്ക് പോകേണ്ടി വന്നു. അപേക്ഷ സ്വകീരിച്ച നഗരസഭ കെ-സ്മാര്‍ട്ട് ആപ് വഴി സ്മാര്‍ട്ട് ആയി തന്നെ കാര്യങ്ങള്‍ നീക്കി. മാത്യുസ് ജോയല്‍ കാനഡയില്‍ ഇരുന്നായിരുന്നു അപേക്ഷ ബത്തേരി നഗരസഭയിലേക്ക് അയച്ചത്.
വിവരങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കി. ചിഞ്ചുമോള്‍ തങ്കച്ചനും മാത്യൂസ് ജോയലിനും ഇതു സംബന്ധിച്ച മെയില്‍ സന്ദേശവും സര്‍ട്ടിഫിക്കറ്റും ഉടന്‍ ലഭ്യമായി. കഴിഞ്ഞ ഡിസംബര്‍ 16ന് ആയിരുന്നു ഇരുവരുടെയും വിവാഹം. മാത്യുസ് ജോയല്‍ കാനഡയിലേക്ക് പോയെങ്കിലും ചിഞ്ചുമോള്‍ നാട്ടില്‍ തന്നെ ആയിരുന്നു. മുമ്പാണെങ്കില്‍ തലവേദനയായി മാറുന്ന വിവാഹ രജിസ്‌ട്രേഷന്‍ ആണ് മാത്യൂസ് ജോയല്‍ ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറത്ത് ഇരുന്ന് പൂര്‍ത്തിയാക്കിയത്.
കെ വൈ സി വെരിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഇരു രാജ്യങ്ങളില്‍ നിന്നും ആപ്പില്‍ വീഡിയോ വഴിയാണ് നടത്തിയത്. വധുവും വരനും സാക്ഷികളും നേരിട്ട് ഹാജരാകേണ്ട നൂലാമാലകള്‍ ഒന്നുമില്ലാതെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിഞ്ചുമോളും വൈകാതെ തന്നെ കാനഡയിലേക്ക് പോകും. കഴിഞ്ഞദിവസം നഗരസഭയിലെത്തിയ ചിഞ്ചുമോള്‍ ജീവനക്കാര്‍ക്ക് മധുരം നല്‍കിക്കൊണ്ട് സന്തോഷം പങ്കിട്ടു.
തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നതാണ് കെ-സ്മാര്‍ട്ട് പദ്ധതിയെന്നും ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ അതിവേഗത്തില്‍ ഇവ ലഭ്യമാകുമെന്നും ഉള്ളതാണ് സര്‍ക്കാര്‍ അവകാശവാദം. ജനന-മരണ, വിവാഹ രജിസ്‌ട്രേഷന്‍, കെട്ടിട നിര്‍മാണ അനുമതി, നികുതി നിര്‍ണയിക്കല്‍, നികുതി അടക്കല്‍, കച്ചവടത്തിനുള്ള ലൈസന്‍സ് പുതുക്കല്‍ എന്നിവയെല്ലാം കെ-സ്മാര്‍ട്ട് ആപ്പ് വഴി വീട്ടിലിരുന്നു തന്നെ ചെയ്യാം.
ഇത് സംബന്ധിച്ച പരാതികളും ആപ്പിലൂടെ സമര്‍പ്പിക്കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏതായാലും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള സേവനങ്ങള്‍ക്ക് ജനങ്ങള്‍ കെ-സ്മാര്‍ട്ട് ആപ് ഉപയോഗപ്പെടുത്തുന്നതോടെ ഓഫീസ് ജീവനക്കാര്‍ക്കും പണി എളുപ്പമാകുമെന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി തോമസ് പറഞ്ഞു.
