പൊതു സമ്മതനായ സ്ഥാനാർത്ഥി നിലമ്പൂരിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം: നിലമ്പൂരിലെ സിപിഎം സ്ഥാനാർത്ഥി പൊതുസ്വതന്ത്രനെന്ന് സൂചന. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ തെരയുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊതു സമ്മതനായ സ്ഥാനാർത്ഥി നിലമ്പൂരിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. അനുയോജ്യമായ ആളെ തീരുമാനിക്കുമെന്നും എംവി ഗോവിന്ദൻ അറിയിച്ചു. യുഡിഎഫിൽ അകത്തും പുറത്തും പൊട്ടിത്തെറിയെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അതേ സമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തൽ ആണെന്ന് പറയാൻ ഒരു ഭയപ്പാടും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഏത് സർക്കാരിനെക്കാളും വ്യത്യസ്തമായ സർക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. സർക്കാരിന് തലയുയർത്തിപ്പിടിച്ചു പറയാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്, അതെല്ലാം അങ്ങനെ തന്നെ പറയും. ജനങ്ങൾ അത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി വി അൻവർ ഒരു സോപ്പു കുമിളയാണ്. അൻവറിനെ പണ്ടേ സിപിഐ തിരിച്ചറിഞ്ഞതാണ്. മുൻ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നീതിബോധമുള്ള ഒരു രാഷ്ട്രീയപാർട്ടിക്കും നിരക്കാത്ത ആളാണ് അൻവർ. അൻവറിനെ പോലെയുള്ള ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഇടതിനോ സ്വീകാര്യമല്ല. ആര്യാടന്‍റെ തഴമ്പ് തനിക്കില്ലെന്ന് ഷൗക്കത്തിന് തന്നെ അറിയാം. ജനങ്ങൾ മാത്രമാണ് നിലമ്പൂരിലെ എൽഡിഎഫിന്‍റെ സമവാക്യം. ജാതിമത സമവാക്യങ്ങൾ അല്ല അവിടെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



