ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകുമെന്ന് ചോദിച്ച ബിനോയ് വിശ്വം, സഭക്കാണ് അധികാരമെന്നും ഗവര്‍ണര്‍ക്കോ വിരമിച്ച ജഡ്ജിക്കോ അല്ലെന്നും വ്യക്തമാക്കി.  

തിരുവനന്തപുരം : ലോകായുക്താ ബില്ലിൽ സിപിഎമ്മിന് വഴങ്ങി സിപിഐ. ലോകായുക്ത വിധിയിൽ പരമാധികാരം നിയമസഭക്കാണെന്ന് മുതി‍ര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു. ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകുമെന്ന് ചോദിച്ച ബിനോയ് വിശ്വം, സഭക്കാണ് അധികാരമെന്നും ഗവര്‍ണര്‍ക്കോ വിരമിച്ച ജഡ്ജിക്കോ അല്ലെന്നും വ്യക്തമാക്കി. 

വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടെയാണ് ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത് ഇന്ന് തന്നെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ച നടത്തി പാസ്സാക്കാനാണ് നീക്കം. അസാധുവായ ഓ‌ർഡിനൻസിലെ വ്യവസ്ഥകളുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക. ബില്ലിൽ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വ്യവസ്ഥ മാറ്റി മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്കെതിരായ വിധി സ്പീക്കർക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സബ്ജക്ട് കമ്മിറ്റിയിലായിരിക്കും ഭേദഗതി വരിക. സിപിഐ ഭേദഗതി സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് ധാരണ. പ്രതിപക്ഷം ബില്ലിനെ എതിർക്കും. ബിൽ സഭ പാസ്സാക്കിയാലും ഗവർണ്ണർ ഒപ്പിടാതെ നിയമമാകില്ലെ. നിലവിൽ സർക്കാറുമായി ഉടക്കി നിൽക്കുന്ന ഗവർണ്ണർ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ.

ലോകായുക്ത ഭേദഗതി:ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ നിലപാടുകൾ എവിടെ വരെ?സിപിഎമ്മിന് കീഴടങ്ങിയ സിപിഐക്കും വിമർശനം

ലോകായുക്തയുടെ അധികാരം എടുത്തു കളയുന്ന ഓര്‍ഡിന്‍സ് സര്‍ക്കാര്‍ പാസാക്കിയപ്പോള്‍ തങ്ങളൊന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് കടുത്ത നിലപാട് സ്വീകരിച്ച സിപിഐ ഒടുവില്‍ സിപിഎമ്മിന് വഴങ്ങുകയായിരുന്നു. സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരിക്കെ കൊണ്ട് വന്ന ലോകായുക്ത നിയമം ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്നായിരുന്നു സിപിഐ നിലപാട്. റവന്യൂ മന്ത്രിയെ കൂടി അപ്പീല്‍ അധികാരിയായി നിയമിച്ച് പുതിയ സമിതി ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വച്ചെങ്കിലും നിയമപരമായ തടസമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ നേതാക്കളെ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയിൽ സമവായ നിര്‍ദേശം

എംഎല്‍എമാര്‍ക്കെതിരെ ലോകായുക്ത വിധി വന്നാല്‍ സ്പീക്കറും, മന്ത്രിമാര്‍ക്കതിരെ വന്നാല്‍ മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്കെതിരെ വന്നാല്‍ നിയമസഭയും വിഷയം പരിശോധിക്കുമെന്നാണ് പുതിയ നിയമം. ലോകായുക്തയുടെ ചിറകരിയുന്ന പുതിയ നിയമം വരുമ്പോള്‍ സിപിമ്മിന്‍റെയും സിപിഐയുടെയും ഇത് വരെയുള്ള അഴിതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടും.