നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെതിരെ ഒരു പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. വയനാട് ദുരന്തബാധിതർക്കുള്ള പിരിവിനെ ആസ്പദമാക്കിയുള്ള ഈ ഗാനം കല കുവൈറ്റ് പ്രവർത്തകരാണ് തയ്യാറാക്കിയത്. എൽഡിഎഫ് പ്രചാരണ വേദികളിൽ ഗാനം വലിയ സ്വീകാര്യത നേടുന്നുണ്ട്.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ വൈറലായി കോണ്‍ഗ്രസിന് എതിരെയുള്ള പാര‍ഡി പാട്ട്. വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള കോണ്‍ഗ്രസ് പിരിവും തുടര്‍ന്നുള്ള ആക്ഷേപങ്ങളുമാണ് പാരഡി ഗാനത്തിനുള്ള വരികളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാമലയിൽ വാഴുന്ന പൊൻവിളക്കേ എന്ന ഭക്തി ഗാനത്തിന്‍റെ ഈണത്തിലാണ് ഈ പാരഡി ഗാനം ഉള്ളത്. കല കുവൈറ്റ് അബ്ബാസിയ മേഖല പ്രവർത്തകർ പുറത്തിറക്കിയ പുതിയ തെരഞ്ഞെടുപ്പ് പാര‍ഡി ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നാടൻ പാട്ടിന്‍റെ തനതായ ഈണവും താളവും കോർത്തിണക്കി തയ്യാറാക്കിയ പാരഡി ഗാനത്തിന്‍റെ വരികൾ എഴുതിയത് അബ്ബാസിയ കെ യൂണിറ്റ് അംഗം സെബിൻ ആന്‍റണിയാണ്. കേരളത്തിലെ എൽഡിഎഫ് പ്രചരണ വേദികളിൽ ഗാനം ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പ്രവാസ ലോകത്തിരുന്നാണെങ്കിലും നാടിന്‍റെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ തങ്ങളുടേതായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗാനം ഒരുക്കിയതെന്ന് കല കുവൈറ്റ് പ്രവർത്തകർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പ്രചാരണത്തിൽ 'പോറ്റിയെ കേറ്റിയെ' എന്ന പാര‍ഡി ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി യുഡിഎഫ് പ്രചാരണം നടന്നിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്. എന്നാല്‍ പാട്ടുമായുള്ള പ്രചാരണം തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതികരിച്ചു. പോറ്റികേറ്റിയെ പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ലെന്നും പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല, നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ല, ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല വ്യക്തമാക്കി.