പ്രദേശത്തെ ആളുകളുടെ കൃഷി ആന ഏതാണ്ട് മുഴുവനായും നശിപ്പിച്ചിട്ടിരിക്കുകയാണ്.

കോഴിക്കോട്: കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പീടികപ്പാറ തേനരുവിയില്‍ കാട്ടാന ആക്രമണം. തേനരുവിയില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ സ്വദേശി അവറാച്ചനും കുടുംബവും താമസിക്കുന്ന വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് ഇന്നലെ രാത്രി കാട്ടാന കുത്തിമറിച്ചിട്ടത്. കള്ളിപ്പാറ ജിജുവിന്‍റെ വീടിന് മുന്‍പില്‍ എത്തിയ കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഏതാനും ദിവസങ്ങളായി ഈ കാട്ടാന വീടുകള്‍ക്കു ചുറ്റും കറങ്ങി നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. പ്രദേശത്തെ ആളുകളുടെ കൃഷി ഏതാണ്ട് മുഴുവനായും നശിപ്പിച്ചിട്ടിരിക്കുകയാണ്. നിരവധി തവണ കാര്യങ്ങള്‍ വനം വകുപ്പിനെയും അധികൃതരെയും അറിയിച്ചിട്ടും ആനയെ കാട്ടിലേക്ക് തിരികെ അയക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ ഭയപ്പെടുകയാണെന്നും എന്തെങ്കിലും നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചു.