ചക്കയും മാങ്ങയും പഴുക്കുന്ന കാലം വയനാട്ടിലെ വനയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭീതിയുടേത് കൂടിയാണ്

കല്‍പ്പറ്റ: ചക്കയും മാങ്ങയും പഴുക്കുന്ന കാലം വയനാട്ടിലെ വനയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭീതിയുടേത് കൂടിയാണ്. പഴുത്ത ചക്കയുടെ മണമടിച്ചാല്‍ അല്ലെങ്കില്‍ മാമ്പഴക്കാലമായെന്ന് മനസിലായാല്‍ പിന്നെ കാട്ടാനകള്‍ കൂട്ടത്തോടെ വനത്തില്‍ നിന്നിറങ്ങും. അതിന് പകലെന്നോ രാത്രിയെന്നോ മാറ്റമില്ല ഇപ്പോള്‍. വയനാട്ടില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് 17 മനുഷ്യരാണെന്ന് അറിയുമ്പോഴാണ് കാടോരങ്ങളിലെ ജീവിതം എത്രമാത്രം സാഹസികത നിറഞ്ഞതാണെന്ന് മനസിലാകുക. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂത്തുമല കശ്മീര്‍ സ്വദേശിനി കുരിശിങ്കല്‍ ജെസിയടക്കം ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. വയനാടുമായി അതിരുപങ്കിടുന്ന തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇവിടുത്തേതിന് സമാനമായ കാട്ടാന ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലി പാക്കണയില്‍ പതിനാലുകാരന്‍ കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലെ സംഭവം. വയനാട്ടില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് (37) ആണ് ഈ വര്‍ഷം ആദ്യം കൊല്ലപ്പെട്ടയാള്‍. 2025-ല്‍ രണ്ട് പേരാണ് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി പതിമൂന്നിന് മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണനും ഏപ്രില്‍ 24ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഊരിലെ അറുമുഖനുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2023-ല്‍ ജൂലൈ 23ന് പുല്‍പള്ളി പള്ളിച്ചിറ ഊരിലെ ബോളന്‍, ഓഗസ്റ്റ് 13ന് തോല്‍പ്പെട്ടി ബേഗൂര്‍ ഊരിലെ ചെറിയ സോമന്‍ (53), സെപ്റ്റംബര്‍ 12ന് ട്രക്കിങ്ങി നിടെ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ തങ്കച്ചന്‍ (47), സെപ്റ്റംബര്‍ 30ന് പുല്‍പള്ളി ആനപ്പാറ കുള്ളന്‍ (52) നെ ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 14ന് മരിച്ചു. നവംബര്‍ നാലിന് പുളിക്ക എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ കുഞ്ഞവറാന്‍ മുസ്ല്യാര്‍ (58) എന്നിവര്‍ക്ക് 2023-ല്‍ കാട്ടാനക്കലിക്ക് മുമ്പില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നു.

2024 ലും വന്യജീവി ആക്രമണത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. ജനുവരി 10ന് ആയിരുന്നു പടമന സ്വദേശി അജീഷി (47)നെ ആന വകവരുത്തിയത്. ഇതേ മാസം, അതായത് ജനുവരി 31ന് തിരുനെല്ലി തോല്‍പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന്‍(50) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 16ന് വനംവകുപ്പിലെ മറ്റൊരു താല്‍ക്കാലിക വാച്ചര്‍ പാക്കം സ്വദേശി പോള്‍(55) കൊല്ലപ്പെട്ടു. മാര്‍ച്ച് 28ന് പരപ്പന്‍പാറയില്‍ മിനി (35), ജൂലൈ പതിനാറിന് കല്ലൂര്‍ കല്ലുമുക്ക് രാജു (49) എന്നിവര്‍ ആനക്കലിക്ക് ഇരയായി.

2025 കഴിഞ്ഞ വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായിരുന്നു. ജനുവരി എട്ടിന് കുട്ട സ്വദേശി വിഷ്ണു(22), ഫെബ്രുവരി 11ന് നൂല്‍പുഴ കാപ്പാട് ഊരിലെ അമ്പലമൂല നരിക്കൊല്ലി മാനു (45), ഫെബ്രുവരി 13ന് മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലക്യ ഷന്‍(27), ഏപ്രില്‍ 24ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഊരിലെ അറുമുഖന്‍ (66), ഡിസംബര്‍ 25ന് മാനന്തവാടി ചെറുമാത്തൂര്‍ ഊരിലെ പാല (62) എന്നിവര്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 2026 -ലും കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല. മാര്‍ച്ച് നാലിന് സുല്‍ത്താന്‍ബത്തേരി വടക്കനാട് പച്ചാടി കരങ്ങത്ത് നടുവീട്ടില്‍ രജീവ് (37), മെയ്26ന് മേപ്പാടി പുത്തുമല കാശ്മീര്‍ സ്വദേശിനി കുരിശിങ്കല്‍ ജെസി (45) എന്നിവര്‍ ഇതുവരെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ നിരവിധി മനുഷ്യജീവനുകളാണ് വയനാട്ടില്‍ പൊലിഞ്ഞത്. 2015 മുതല്‍ 2026 വരെ വയനാട്ടില്‍ കടുവ കൊന്നത് ഒന്‍പത് പേരെയാണ്.

2015 ഫെബ്രുവരി ബത്തേരി നൂല്‍പുഴ സ്വദേശി ഭാസ്‌ക്കരന്‍, 2015 ജൂലൈ കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ്, 2015 നവംബറില്‍ തോല്‍പെട്ടി റേഞ്ചിലെ വനംവകുപ്പ് വാച്ചര്‍ ബസവ, 2019 ഡിസംബറില്‍ ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഊരിലെ ജഡയന്‍, 2020 ജൂണില്‍ ബസവന്‍കൊല്ലി കാട്ടുനായ്ക്ക ഊരിലെ ശിവകുമാര്‍, 2023 ജനുവരിയില്‍ പുതുശേരി തോമസ്, 2023 ഡിസംബറില്‍ ബത്തേരി മൂടക്കൊല്ലി സ്വദേശി പ്രജീഷ്, 2025 ജനുവരിയില്‍ പഞ്ചാരക്കൊല്ലി രാധ, പുല്‍പ്പള്ളി മാടപ്പള്ളി ഊരിലെ കൂമന്‍ എന്നിവര്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

YouTube video player