വിഷമിക്കരുതെന്നും വീട് വച്ചുനൽകുമെന്നും കൊച്ചുമകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടത്താനുള്ള സഹായം നൽകുമെന്ന ഉറപ്പും നൽകിയാണ് രാഹുൽ ക്യാപിൽ നിന്ന് മടങ്ങിയത്

മേപ്പാടി: സുബൈദയ്ക്കും ഉമ്മ നബീസയ്ക്കും മലവെള്ളപ്പാച്ചിലിൽ നഷ്ടമായത് വീട് മാത്രമായിരുന്നില്ല. കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഈ അമ്മമാർ വിശദമാക്കിയത്. വിഷമിക്കരുതെന്നും വീട് വച്ചുനൽകുമെന്നും കൊച്ചുമകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടത്താനുള്ള സഹായം നൽകുമെന്ന ഉറപ്പും നൽകിയാണ് രാഹുൽ ക്യാപിൽ നിന്ന് മടങ്ങിയത്. ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കാനെത്തിയത്. രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്നും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വിഡി സതീശനും ടി സിദ്ദിഖും വ്യക്തമാക്കി. 

അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തം: രാഹുൽ

ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. എന്‍റെ അച്ഛൻ മരിച്ചപ്പോള്‍ എന്താണോ എനിക്ക് തോന്നിയത് അതേ വേദനയാണിപ്പോള്‍ ഉണ്ടാകുന്നത്. ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്ടമായത്. അന്ന് എനിക്കുണ്ടായതിനേക്കാള്‍ ഭീകരാവസ്ഥയാണ് ഓരോരുത്തര്‍ക്കുമുണ്ടായിരിക്കുന്നത്. ആയിരകണക്കനുപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. അവരുടെ കുടെ നില്‍ക്കുകയാണെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം