Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുടമകൾ നിരാഹാരം നിർത്തി, സാധനങ്ങൾ മാറ്റാൻ തുടങ്ങി; സഹായത്തിന് ഉദ്യോഗസ്ഥ സംഘം

മൂന്നാം തീയതി തന്നെ ഫ്ലാറ്റ് ഒഴിയാൻ ശ്രമിക്കുമെന്ന് ഉടമകൾ. സർക്കാ‍‍ർ നടപടിക്കെതിരെ തുടങ്ങിയ നിരാഹാരസമരം പിൻവലിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്ന് ഫ്ലാറ്റ് ഉടമകളുടെ മുന്നറിയിപ്പ്. ഫ്ലാറ്റുടമകളുമായി കളക്ടർ, സബ് കളക്ടർ , കമ്മീഷണർ എന്നിവർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം

Will corporate with district administrtion in evacuation, says maradu flat owners
Author
Maradu, First Published Sep 29, 2019, 4:06 PM IST

മരട് : മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി സഹകരിക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ. ചർച്ചയിൽ പൂർണ്ണമായും തൃപ്തരല്ലെങ്കിലും കോടതി വിധി മാനിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിക്കുമെന്ന് കൊച്ചിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. കളക്ടർ എസ്.സുഹാസ്, ഫ്ലാറ്റുകൾ പൊളിക്കാൻ പ്രത്യേക ചുമതലയുള്ള മരട് നഗരസഭാ സെക്രട്ടറിയും ഫോർട്ട് കൊച്ചി സബ് കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ എന്നിവർ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചാണ് ഫ്ലാറ്റ് ഉടമകളുമായി ചർച്ച നടത്തിയത്.

മൂന്നാം തീയതി തന്നെ ഫ്ലാറ്റുകൾ ഒഴിയാൻ ശ്രമിക്കുമെന്ന് ഉടമകൾ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ ജയകുമാർ നടത്തി വന്ന നിരാഹാരസമരം പിൻവലിക്കാനും തീരുമാനമായി. നാലാം തീയതി രാവിലെ വരെ വൈദ്യുതി, ജലവിതരണം ലഭ്യമാക്കും എന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. അടിയന്തര നഷ്ടപരിഹാരം ആയ 25 ലക്ഷം രൂപയും വാടക തുകയും എത്രയും പെട്ടെന്ന് നൽകാമെന്ന ഉറപ്പ് ലഭിച്ചതായും ഫ്ലാറ്റ് ഉടമകൾ അറിയിച്ചു. നിലവിൽ സമരം പിൻവലിക്കുന്നെങ്കിലും ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകി. 

ജെയിൻ ഹൗസിംഗ് ആന്‍റ് കൺസ്ട്രക്ഷൻ, ഗോൾഡൻ കായലോരം, ആൽഫ വെഞ്ച്വേഴ്സ് എന്നീ മൂന്ന് പാർപ്പിട സമുച്ഛയങ്ങളിൽ ഇന്ന് ഒഴിപ്പിക്കൽ  നടപടികൾ തുടങ്ങിയിരുന്നു. ഒക്ടോബർ മൂന്നിന് തന്നെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് നീക്കം. പ്രതിഷേധം തുടരുന്നതിനാൽ ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ മാത്രം നടപടികൾ തുടങ്ങിയിരുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന ഫ്ലാറ്റാണിത്. ചർച്ചക്ക് പിന്നാലെ ‍ജയകുമാർ നിരാഹാരം അവസാനിപ്പിച്ചതോടെ ഈ ഫ്ലാറ്റിലെ ഒഴിപ്പിക്കൽ നടപടിയിലേക്കും വൈകാതെ അധികൃതർ കടന്നേക്കും.

 

Read More : മരട് ഫ്ലാറ്റുടമ നിരാഹാര സമരത്തിൽ, ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം

90 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലം. 138 ദിവസത്തിനകം സ്ഥലത്ത് നിന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളടക്കം എടുത്തു മാറ്റണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് കാര്യങ്ങൾ പെട്ടെന്ന് തന്നെ നടപ്പാക്കാൻ ത്വരിതഗതിയിലുള്ള കർമപദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്.

Read More : സ്നേഹിൽ കുമാറിന് ഫ്ലാറ്റ് പൊളിയ്ക്കൽ ചുമതല മാത്രം, മരട് നഗരസഭാ ചുമതല മുൻ സെക്രട്ടറിക്ക്

 

Follow Us:
Download App:
  • android
  • ios