പുത്തൻകുരിശ്: കോതമം​ഗലം മാ‌ർത്തോമ ചെറിയ പള്ളിയുടെ അവകാശം സംബന്ധിച്ച് കോടതി വിധി എന്തായാലും വിശ്വാസികൾ പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പ് നൽകി യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. തങ്ങളുടെ പള്ളിയിലെ ആരാധനയ്ക്ക് തടസം നിൽക്കരുതെന്നും വിശ്വാസപരമായ കാര്യങ്ങളിൽ പുന‍‌ർവിചിന്തനം നടത്താൻ ജുഡീഷ്യറി തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോതമം​ഗലം പള്ളിയിൽ 50ൽ താഴെ വരുന്ന വിശ്വാസികളാണ് രണ്ടായിരത്തോളം വരുന്ന യാക്കോബായ വിഭാ​ഗത്തെ ഇറക്കി വിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ യാക്കോബായ വിഭാ​ഗത്തിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ആരോപിച്ച മെത്രാപൊലീത്തൻ ട്രസ്റ്റി യാക്കോബായ വിഭാ​ഗത്തിന്റെ അവകാശങ്ങൾക്കായി തിരുവനന്തപുരത്തും ദില്ലിയിലും സമരം ചെയ്യുമെന്നും അറിയിച്ചു.

'ഓർത്തഡോക്സ് വിഭാ​ഗത്തെ സഹോദരങ്ങൾ എന്ന് പറയാൻ ലജ്ജിക്കുന്നു'

കോതമം​ഗലത്തടക്കം യാക്കോബായ വിഭാ​ഗത്തിനെതിരായ നടക്കുന്നത് കടുത്ത അനാദരവ് എന്ന് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് ആഞ്ഞടിച്ചു. ഭൂരിപക്ഷത്തെ ഇറക്കി വിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്നു. ഈ സാഹചര്യം മുന്നോട്ട് പോകുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.

മറ്റു മതസ്‌ഥർ പോലും ഒപ്പം നിൽക്കാൻ തയ്യാറായി വരുന്നുണ്ട്. പക്ഷെ  നിയമം നടപ്പാക്കുമ്പോൾ ഇവിടെ ഒരു വിഭാഗം അവഗണിക്കപ്പെടുന്നു. കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചുവെന്നും ബിഷപ്പ് പറഞ്ഞു.

'സഭാ ത‌‌ർക്കം സ്വത്തിന് വേണ്ടിയുള്ളതല്ല'

സ്വത്തുക്കൾക്ക് വേണ്ടിയുള്ള അവകാശ ത‌‌ർക്കം എന്നാണ് തങ്ങളുടെ പ്രതിഷേധത്തെ പലരും കാണുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് ബിഷപ്പ് മാ‌ർ ​ഗ്രി​ഗോറിയോസ് വ്യക്തമാക്കുന്നു. 'ഇരു വിഭാ​ഗവും ആരാധന നടത്തുന്ന പള്ളികളിൽ ഭൂരിപക്ഷവും ഇപ്പോൾ  മറു വിഭാ​ഗത്തിന്റെ കയ്യിൽ ആയി.  വിശ്വാസി സമൂഹത്തിന് ഇറങ്ങി പോകാൻ ഇടമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സ്വത്തിന് വേണ്ടിയുള്ള ത‌ർക്കം ആയിരുന്നെങ്കിൽ അവിടെ തന്നെ നിൽക്കുമായിരുന്നു. പക്ഷെ കടം തിരിച്ചടക്കാനാകാതെ സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങി പോകേണ്ടി വരുന്നവരുടെ അതേ അവസ്ഥയാണ് യാക്കോബായ സമൂഹം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതെ'ന്നും ബിഷപ്പ് കൂട്ടിച്ചേ‌ർത്തു.

Read More: കോതമംഗലം മാർത്തോമാ പള്ളിയിൽ കയറാനാകാതെ ഓ‍‍‍ർത്തഡോക്സ് വിഭാഗം; ഉത്തരവ് നടപ്പാക്കാത്തതിൽ കോടതിയെ സമീപിക്കും

ച‌ർച്ചയിലൂടെ പരിഹാരം കണ്ടെത്തണം, ‌ച‌ർച്ച് ആക്ട് നടപ്പിലാക്കണം...

ചർച്ചയിലൂടെ പരിഹാരം കണ്ടെത്തി വഴക്കുകൾ അവസാനിപ്പിക്കാൻ ഓർത്തഡോക്സ്  സഭ തയ്യാറാകണമെന്ന് ജോസഫ് മാ‌ർ ​ഗ്രി​ഗോറിയോസ് ആവശ്യപ്പെട്ടു. സമാധാനം ഉണ്ടാക്കാൻ പാത്രിയർക്കീസ് ബാവ നടത്തിയ ശ്രമങ്ങൾ ഓർത്തഡോക്സ് വിഭാ​ഗം പരാജപ്പെടുത്തി. അവരെ സഹോദരങ്ങൾ എന്ന് പറയാൻ ലജ്ജിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരയാണ് നടക്കുന്നത്.  ഈ ഘട്ടത്തിൽ ച‌ർച്ച് ആക്ട് നടപ്പിലാക്കണം എന്ന ആവശ്യം സ‌ർക്കാരിനോട് ഉന്നയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗത്തിനെതിരെ ഇന്നലെ യാക്കോബായ വിഭാ​ഗം കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇതേ തുടർന്ന് പള്ളിയിൽ പ്രവേശിക്കാതെ ഓ‌ർത്തഡോക്സ് വിഭാ​ഗം മടങ്ങി പോകുകയായിരുന്നു. മണിക്കൂറുകളോളം സംഘ‌‌ർഷ സമാനമായ അവസ്ഥയാണ് ഇതേ തുടർന്ന് പള്ളി പരിസരത്തുണ്ടായത്. 
Read More: കോതമംഗലം മാർത്തോമാ പള്ളിയിൽ സംഘർഷാവസ്ഥ; പള്ളിയില്‍ കയറാൻ ഓർത്തഡോക്സ്, തടഞ്ഞ് യാക്കോബായ വിഭാഗം