ഹൈപ്പർകാൽസീമിയ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ രോഗിക്ക് പാരാതൈറോയ്ഡ് അഡിനോമ ആണെന്ന് കണ്ടെത്തി. ക്ഷീണം, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയ സ്ത്രീയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്.

പത്തനംതിട്ട: കടമ്പനാട് സ്വദേശിയായ 62 കാരിയുടെ അസാധാരണ വലിപ്പമുള്ള പാരാതൈറോയ്ഡ് ഗ്രന്ഥി (4x3x3 സെന്റീമീറ്റർ) നീക്കം ചെയ്തു. ക്ഷീണം, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയ സ്ത്രീയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്. പത്തനംതിട്ട ലൈഫ് ലൈൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പ്രധാനപ്പെട്ട വെയിനും ആർട്ടറിയും ചേർന്ന് കിടക്കുന്നു സ്ഥലമായിരുന്നതിനാൽ രക്തക്കുഴലുകൾക്കു കേടുപാടില്ലാതെ ശസ്ത്രക്രിയ നടത്തുക എന്നത് ദുർഘടമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

രക്തത്തിലെ കാൽസ്യത്തിന്‍റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയായ ഹൈപ്പർകാൽസീമിയയുടെ ലക്ഷണങ്ങളുമായാണ് രോഗി ആശുപത്രിയിൽ എത്തിയത്. ലബോറട്ടറി പരിശോധനയിൽ കാത്സ്യവും പാരാതൈറോയ്ഡ് ഹോർമോണും ഉയർന്ന നിലയിൽ കണ്ടെത്തി. സംശയം തോന്നിയതിനാൽ എൻഡോക്രൈനോളജിസ്റ്റ് ഡോ ഷമീർ ബഷീർ വിദഗ്ധ പരിശോധന നടത്തി. പരാതൈറോയ്ഡ് ഗ്രന്ഥിയിൽ ട്യൂമർ (പരാഥൈറോയ്ഡ് അഡിനോമ) ബാധിച്ചിരിക്കുന്നു എന്ന് കണ്ടെത്തി. സർജൻമാരായ ഡോ അനീറ്റ ലൂക്കോസ്, ഡോ പ്യാരി പി എൻ, ഡോ ഷഹാന ഷാജി, അനേസ്തെറ്റിസ്ട്സ് ഡോ ശ്രീലത, ഡോ ആസ്മി, സിസ്റ്റർ ജ്യോതി രാജൻ എന്നിവർ ശസ്ത്രക്രിയയിൽ ഡോ മാത്യൂസിനെ സഹായിച്ചെന്ന് ആശുപത്രി അറിയിച്ചു.