തൃശൂര്‍: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാപൊലീസുകാർ വാര്‍ഡിൽവെച്ച് സെൽഫിയെടുത്തു. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ വനിത പൊലീസുകാർ സ്വപ്നക്കൊപ്പം സെൽഫിയെടുത്തത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. 

സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാർക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെൽഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നൽകുന്ന വിശദീകരണം.

സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കരയും ആശുപത്രിയിലെത്തി, എന്തിനെന്ന് എൻഐഎ.

സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണിൽ ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വനിതാപൊലീസുകാരുടെ സെൽഫിയും പുറത്ത് വന്നത്. സുപ്രധാന കേസിലെ പ്രതിക്കൊപ്പം വാര്‍ഡിനുള്ളിൽ വെച്ച് വനിതാപൊലീസുകാര്‍ ഫോട്ടോ എടുത്തത് ഗുരുതരമായ പ്രശ്നമായി കണക്കാക്കും. 

സ്വപ്നക്ക് ഫോൺ കൈമാറിയില്ല; ഫോൺ വിളി വിവാദത്തിൽ വിശദീകരണവുമായി നേഴ്സുമാര്‍

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സ്വപ്ന ഫോൺവിളികൾ നടത്തിയോ എന്നതിൽ എൻഐഎ അന്വേഷണം നടക്കുകയാണ്. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും എൻഐഎ വിവരങ്ങൾ ശേഖരിച്ചു. അതേ സമയം നഴ്സുമാര്‍ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂർ മെഡിക്കൽ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.