വനിത സംവരണ ബില്‍ നിയമമായാല്‍ കേരളത്തില്‍ എന്ത് മാറ്റമുണ്ടാകും? ആകാംക്ഷ ബാക്കി, സാധ്യതകള്‍ ഇങ്ങിനെ
വനിതാ സംവരണ ബിൽ ലോക് സഭാ പാസ്സാക്കാനൊരുങ്ങുമ്പോൾ ,തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം ആദ്യമായി പാസ്സാക്കിയ കേരളം, സ്ത്രീശാക്തീകരണത്തിന്‍റെ മികച്ച മാതൃകയായി ഇപ്പോഴും തല ഉയർത്തിനിൽക്കുന്നു

തിരുവനന്തപുരം:വനിതാ സംവരണ ബിൽ ലോക്സഭ പാസ്സാക്കാനൊരുങ്ങുമ്പോൾ തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം ആദ്യമായി പാസ്സാക്കിയ കേരളം സ്ത്രീശാക്തീകരണത്തിന്‍റെ മികച്ച മാതൃകയായി ഇപ്പോഴും തലഉയർത്തിനിൽക്കുന്നു. 2009 സെപ്റ്റംബർ 17.രാജ്യത്ത് തന്നെ നാഴികക്കല്ലായ പല നിയമങ്ങളും പാസ്സാക്കിയ കേരള നിയമസഭ ഒരിക്കൽകൂടി ചരിത്രമെഴുതി. തദ്ദേശ സ്ഥാപനങ്ങളിൽ അൻപത് ശതമാനം വനിതാ സംവരണം. ഭരണസമിതികളിൽ മാത്രമായിരുന്നില്ല സംവരണം. പ്രസിഡണ്ട്, മേയർ, ചെയർമാൻ. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ അടക്കം എല്ലാ അധികാരകേന്ദ്രങ്ങളിലും പകുതി അവകാശം സ്ത്രീക്ക് നൽകിയ കേരള മോഡൽ...അടുത്ത വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കി. ഇന്ന് പകുതിയിലേറെ സ്ഥാപനങ്ങളുടെ തലപ്പത്ത് തലഉയർത്തി സ്ത്രീകൾ.
കേരള മാതൃകയിൽ പിന്നീട് നിരവധി സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ അൻപത് ശതമാനം വനിതാ സംവരണം നടപ്പാക്കി. ലോക്സഭയിലേക്കും നിയമസഭയിലേക്ക് 33 ശതമാനം വനിതാ സംവരണം വരുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയകേന്ദ്രങ്ങളിലും നിറയുന്നത് പല തരം ചർച്ചകൾ. പുതിയ നിയമം നിലവിൽ വരുമ്പോൾ കേരളത്തിലെ ആകെയുള്ള 20 ലോക് സഭാ സീറ്റുകളിൽ 6 എണ്ണം വനിതകൾക്കായി മാറ്റിവെക്കണം. 140 നിയമസഭാ സീറ്റുകളിൽ 46 എണ്ണം വനിതകൾക്ക്...എങ്ങിനെയാകും റോട്ടോേഷൻ എന്നതടക്കമുള്ള കാര്യങ്ങളിൽ ആകാംക്ഷ ബാക്കി.
പല പ്രമുഖ പുരുഷനേതാക്കളുടെയും കുത്തക സീറ്റുകൾ വനിതകൾക്കായി കൈമാറേണ്ടിവരും. പൊതുപ്രവർത്തനരംഗത്ത് വനിതകൾക്ക് കഴിവ് തെളിയിക്കാൻ വരുന്നത് മികച്ച അവസരം. തദ്ദേശസ്ഥാപനങ്ങളിലടക്കം ഭരണമികവ് കാണിച്ച പല സ്ത്രീകളെയും പൊതുതെരഞ്ഞെടുപ്പിൽ മാറ്റിനിർത്തുന്ന പ്രവർണത രാഷ്ട്രീയപ്പാർട്ടികൾക്കും അവസാനിപ്പിക്കേണ്ടിവരും.