Asianet News MalayalamAsianet News Malayalam

'കണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം' നിലപാടിലുറച്ച് ഗവര്‍ണര്‍

ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ല. സമയം വേണമെന്നും ഒറ്റദിവസം കൊണ്ട് എല്ലാ ഓര്‍ഡിനന്‍സിലും ഒപ്പു വക്കാനാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

wont sign Ordinance soon says Governor
Author
Delhi, First Published Aug 8, 2022, 12:22 PM IST

ദില്ലി: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

' തന്‍റെ അധികാരം കുറക്കാൻ സർക്കാർ ശ്രമമെന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്.: ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ല. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല.തന്നോട് പറഞ്ഞിരുന്നുവെങ്കിൽ മറുപടി നൽകുമായിരുന്നു.ഡിജിറ്റൽ ഒപ്പിന് അധികാരമുണ്ട്.പക്ഷേ ഓർഡിനൻസ് മുഴുവനായി മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് കാരണം' ഗവര്‍ണര്‍ പറഞ്ഞു

 

ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തതിൽ  നേരത്ത ഗവർണ്ണർക്ക് ചീഫ് സെക്രട്ടറി കൂടുതൽ വിശദീകരണം നല്കിയിരുന്നു.ഒക്ടോബറിൽ നിയമനിർമ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സർക്കാരിൻറെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജൻഡ ബജറ്റ് ചർച്ച മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.എന്നാല്‍ ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെന്നാണ്  അദ്ദേഹത്തിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.

സെർച്ച് കമ്മിറ്റി ചട്ടപ്രകാരം; സർക്കാർ നീക്കങ്ങളിൽ രാജ്ഭവന് അതൃപ്തി; പോരിനുറച്ച് ഗവര്‍ണര്‍

'പരാതി കിട്ടിയാല്‍ ചവറ്റുകുട്ടയില്‍ ഇടാന്‍ കഴിയില്ല' പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഗവര്‍ണര്‍

 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി കിട്ടിയാല്‍ ചവറ്റുകുട്ടയില്‍ ഇടാന്‍ കഴിയില്ല. സ്വഭാവികമായും ഉത്തരവാദിത്തപ്പെട്ടവരോട് വിശദീകരണം തേടും. മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ കണ്ണൂർ വിസിയോട് അടിയന്തിരമായി ഗവർണര്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

യു ജി സി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗ്ഗീസിന്‍റെ നിയമനമെന്നായിരുന്നു പരാതി. യോഗ്യതയുള്ളവരെ തഴഞ്ഞ് പ്രിയ വർഗ്ഗീസിന് ഒന്നാം റാങ്ക് നൽകിയെന്നും ആക്ഷേപം ഉയർന്നിരുന്നു. പ്രിയ വർഗ്ഗീസിന്  ഒന്നാം റാങ്ക് നൽകിയതിന്‍റെ പാരിതോഷികമായാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന ആരോപണവും ഉണ്ടായിരുന്നു. നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഇടപെടൽ.

തൃശൂർ കേരള വർമ്മ കോളേജിൽ അധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി നീട്ടുന്നതിന് തൊട്ടു മുൻപ് മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. യു ജി സി റെഗുലേഷൻ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിന് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios