നായനാർ അക്കാദമിയിലെയും ടൗൺ സ്ക്വയറിലെയും വേദി നിർമ്മാണമാണ് പണിമുടക്ക് ദിവസവും പുരോഗമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമ്മാണത്തിന് എത്തിയവരിൽ ഏറെയും.
കണ്ണൂർ: ദേശീയ പണിമുടക്കിൽ (Nationwide strike 2022) ജനം വലയുമ്പോഴും കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ (CPM Party congress 2022) വേദി നിർമ്മാണം മുടക്കാതെ സിപിഎം. നായനാർ അക്കാദമിയിലെയും ടൗൺ സ്ക്വയറിലെയും വേദി നിർമ്മാണമാണ് പണിമുടക്ക് ദിവസവും പുരോഗമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമ്മാണത്തിന് എത്തിയവരിൽ ഏറെയും. ചെറിയ പണികൾ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാർ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. പൊലീസ് മൈതാനിയിലെ സർക്കാരിന്റെ ഒന്നാം വാർഷിക ഘോഷവേദിയുടെ നിർമ്മാണത്തിനും പണിമുടക്ക് ബാധകമായില്ല.

പണിമുടക്ക് ഒന്നാം ദിനം, സംസ്ഥാനം നിശ്ചലമായി, വലഞ്ഞ് ജനം
സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം. 48 മണിക്കൂർ സമരത്തിന്റെ ആദ്യ ദിവസം പിന്നിടുമ്പോൾ കേരളത്തിൽ പണിമുടക്ക് ഹർത്താലിന് സമാനമായി മാറി. കടകൾ തുറന്നില്ല, ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്കിറങ്ങിയവർ നന്നായി ബുദ്ധിമുട്ടി. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. അതേ സമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല.
തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ അടിച്ചുതകർത്തു. കാട്ടാക്കടയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജനങ്ങളെ സമരക്കാർ തടഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു തൊഴിൽമന്ത്രിയുടെ പ്രതികരണം.
ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയിൽ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞു തിരിച്ചയച്ചു. ആലപ്പുഴിൽ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ അടക്കം സർവീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികൾ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. പണിമുടക്കി വിവിധ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി.
