Asianet News MalayalamAsianet News Malayalam

അറിയാം '112' ന്‍റെ പ്രവര്‍ത്തന രീതികള്‍

സ്മാർട്ട് ഫോണുകളിൽ ലഭ്യമായ '112 ഇന്ത്യ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും പൊലീസിന്‍റെ ഈ സേവനം ലഭ്യമാണ്. 

working methods of 112 Emergency response support system
Author
First Published Jan 13, 2023, 7:11 PM IST

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സഹായം ആവശ്യമായി വരുമ്പോൾ പൊതുജനത്തിന് ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പർ ആണ് 112. തിരുവനന്തപുരം വഴുതക്കാട് സ്ഥിതി ചെയ്യുന്ന സംസ്ഥാന പൊലീസ് ആസ്ഥാനത്താണ് 112 ന്‍റെ എമർജൻസി റസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS) പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് എവിടെ നിന്നും 112 ലേക്ക് വിളിക്കുമ്പോൾ പൊലീസ് ആസ്ഥാനത്തെ ഈ കൺട്രോൾ റൂമിലേക്കാണ് വിളിയെത്തുന്നത്. ടോൾഫ്രീ നമ്പറിന് പുറമെ 112 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജായും പൊലീസ് സേവനം ആവശ്യപ്പെടാം. മെസ്സേജ് ലഭിക്കുന്ന മുറയ്ക്ക് എമർജൻസി റസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ തിരിച്ച് ബന്ധപ്പെടും. ഇതിനുപുറമേ സ്മാർട്ട് ഫോണുകളിൽ ലഭ്യമായ '112 ഇന്ത്യ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും പൊലീസിന്‍റെ ഈ സേവനം ലഭ്യമാണ്. ഈ ആപ്ലിക്കേഷൻ ലഭ്യമായ ബട്ടൺ അമർത്തിയും 112 ന്‍റെ സേവനം തേടാൻ കഴിയും. മൊബൈലിലെ ജിപിഎസ് സംവിധാനം വഴി സേവനം തേടിയ ആളുടെ കൃത്യമായ ലൊക്കേഷൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകും.

ഓരോ ഷിഫ്റ്റുകളിലായി 60 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാന പൊലീസിന്‍റെ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിൽ ജോലി നോക്കുന്നത്. പ്രതിദിനം 5000 -ത്തോളം കോളുകളാണ് ഇവർ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇതിൽ 700 മുതൽ 1,000 വരെ കോളുകളിൽ പൊലീസിന്‍റെ നേരിട്ടുള്ള സേവനം ആവശ്യമായി വരുന്നവയാണ്. ബാക്കിയുള്ളവ കോളുകള്‍ മിക്കവാറും വിവരങ്ങൾ നൽകുവാനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുന്നവരുടെ ആണ്.  

112 -ലേക്ക് ഒരു കോൾ എത്തിയാൽ വിളിക്കുന്ന ആളുടെ പേര്, ആവശ്യമായ സേവനം എന്നിങ്ങനെ ആവശ്യമായി വിവരങ്ങൾ ശേഖരിച്ച ശേഷം വിളിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം ലൊക്കേഷൻ ബേസ്ഡ് സർവീസ് സഹായത്തോടെ കണ്ടെത്തി അത് രേഖപ്പെടുത്തും. എന്നാൽ ചില മൊബൈൽ സേവന ദാതാക്കളിൽ ഈ സൗകര്യം ലഭ്യമല്ലാത്തതിനാൽ കോൾ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ വിളിക്കുന്ന വ്യക്തിയുടെ ലൊക്കേഷൻ മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ബന്ധപ്പെട്ട പൊലീസ് ജില്ലക്ക് കീഴിലുള്ള ജില്ല കോഡിനേഷൻ കേന്ദ്രത്തിൽ ഈ സന്ദേശം കൈമാറും. നിലവിൽ സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ ഭാഗമായുള്ള ജില്ല കോർഡിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് 112 -ൽ സേവനം ആവശ്യപ്പെട്ട് വിളിച്ച വ്യക്തിയ്ക്ക് സമീപമുള്ള കൺട്രോൾ റൂം വാഹനം അല്ലെങ്കിൽ സ്റ്റേഷനിലെ പൊലീസ് വാഹനം എന്നിവ ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ കണ്ടെത്തി അതിൽ ഘടിപ്പിച്ചിരിക്കുന്ന ടാബിൽ വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്. 

വിവരം ലഭിച്ചു 7 മിനിറ്റിനുള്ളിൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്വീകരിച്ച നടപടി എന്തെന്നുള്ളത് ഈ ടാബിൽ രേഖപ്പെടുത്തും. പൊലീസ് ജീപ്പുകളുടെ ലഭ്യത അനുസരിച്ചും സ്ഥലത്തേക്കുള്ള ദൂരമനുസരിച്ചും സമയത്തില്‍ മാറ്റം വരാം. ടാബിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ജില്ലാ കോർഡിനേഷൻ സെന്‍ററിലും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലും അറിയാൻ സാധിക്കും. ശരാശരി ഒരു കോൾ ലഭിച്ച് 14 മിനിറ്റിനുള്ളിൽ 112 -ലേക്ക് ലഭിക്കുന്ന ഒരു കേസ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതുകൊണ്ടും കഴിഞ്ഞില്ല 112 ലേക്ക് വന്ന കോളിന് പൊലീസിന്‍റെ ഭാഗത്ത് നിന്ന് നൽകിയ സേവനത്തെ കുറിച്ച് പൊതുജനത്തിന് വിലയിരുത്താനും സാധിക്കും.  ഇതിനായി നാല് ഡിവിഷനുകളായി തിരിച്ച് ഫീഡ് ബാക്ക് കാളുകൾ ചെയ്യുന്നതിനായി ഒരു ഡെസ്ക് സജ്ജമാണ്. ഇവർ 112 ലേക്ക് പൊലീസ് സേവനം ആവശ്യപ്പെട്ട് വിളിച്ച  വ്യക്തിയെ തിരികെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തും. 

ഈ സേവനം ദുരുപയോഗം ചെയ്യാൻ വിളിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരക്കാരുടെ നേരംപോക്കിനിടയിൽ പലപ്പോഴും ആവശ്യക്കാരുടെ കോളുകൾ യഥാസമയം പൊലീസിന് ലഭിക്കാൻ കാലതാമസമുണ്ടാകും. നിലവിൽ പൊലീസ്, ആംബുലൻസ്, റെയിൽവേ പൊലീസ്, പിങ്ക് പൊലീസ് സേവനങ്ങൾ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഫയർഫോഴ്സ്, ദുരന്തനിവാരണം ഉൾപ്പെടെയുള്ള സേവനങ്ങൾ 112 മായി ബന്ധിപ്പിക്കുന്ന നടപടികൾ നടന്നുവരികയാണ്.

 

 

കൂടുതല്‍ വായനയ്ക്ക്: കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കലക്ടര്‍ക്കെതിരെ കേസ് കൊടുത്ത് കര്‍ഷകന്‍


 

Follow Us:
Download App:
  • android
  • ios