ലോക എയ്ഡ്സ് ദിനമാണ് ഇന്ന്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ് എയ്ഡ്സ് ഉണ്ടാക്കുന്നത്.
ഇന്ന് ലോക എയ്ഡ്‌സ് ദിനം. മനുഷ്യ രാശിക്ക് ഇന്നും വെല്ലുവിളി ഉയർത്തുന്ന എച്ച്ഐവി/എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, ബാധിതർക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ് എച്ച് ഐ വി ഉണ്ടാക്കുന്നത്. എച്ച്ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും, എച്ച്ഐവി ബാധിതർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കുന്നത് വഴിയും, എച്ച് ഐ വി ബാധിതരുടെ രക്തം സ്വീകരിക്കുന്നത് വഴിയുമെല്ലാം എച്ച്ഐവി പകരും.
1981-ൽ ആണ് എയ്ഡ്‌സ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. എച്ച് ഐ വിയെക്കുറിച്ച് ഒരു വിധത്തിലുള്ള അവബോധവും ഉണ്ടാകാതിരുന്ന ഇക്കാലത്ത് അതിന്റെ വ്യാപനവും അതിവേഗത്തിലായത് പടർത്തിയ ഭീതി ചെറുതല്ലായിരുന്നു. ഇന്ത്യയിൽ ആദ്യത്തെ എയ്ഡ്‌സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1986-ലാണ്. നേരത്തെ പറഞ്ഞത് പോലെ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് പ്രധാനമായും എച്ച് ഐ വി പകരുന്നത്. രാജ്യം ഇതിനെ പ്രതിരോധിച്ചതിൽ ഒരു വലിയ പങ്ക് കേരളത്തിൽ സ്ഥിതി ചെയ്യുന്ന എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ്. 1969 ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന സ്ഥാപനം തുടങ്ങാൻ ആദ്യം തെരഞ്ഞെടുത്തത് ലാറ്റക്‌സ് റബ്ബർ യഥേഷ്ടം ലഭ്യമാകുന്ന കേരളത്തെ ആയിരുന്നു. വിലക്കുറവിൽ നിരോധ് പോലെയുള്ള ബ്രാൻഡുകൾ വഴി കോണ്ടം എല്ലാവർക്കും ലഭ്യമാക്കി. എയ്ഡ്‌സ് പ്രതിരോധ ദൗത്യത്തിൻ്റെ അടിത്തറ ഇതായിരുന്നു. ഇതുവരെ 57 ബില്യണിലധികം ഗർഭനിരോധന ഉറകളാണ് എച്ച്എൽഎൽ നിർമ്മിച്ച് വിപണിയിലെത്തിച്ചത്. ഇന്ന് ലോക കോണ്ടം ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കോണ്ടം നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നാണിത്.
അതേ സമയം, ഒരുഭാഗത്ത് എച്ച്ഐവി രോഗബാധ ഒരു മാരകരോഗമെന്നതിൽ നിന്ന് നിയന്ത്രിക്കാവുന്ന രോഗമായി മാറുമ്പോൾ, മറുഭാഗത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ള യുവതലമുറയിലേക്ക് രോഗം പടരുന്നത് കേരളത്തിന് മുന്നിൽ പുതിയൊരു വെല്ലുവിളിയായി മാറുകയാണ്. രോഗം പൂർണ്ണമായി ഇല്ലാതാക്കാനുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്നതിനിടയിലും, യുവാക്കളിലെ പുതിയ കേസുകൾ ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നവംബർ 2025 വരെയുള്ള കണക്കുകൾ പ്രകാരം 23,608 എച്ച്ഐവി ബാധിതരാണ് കേരളത്തിൽ ചികിത്സയിലുള്ളത്. 2022-ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 24.6 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്.
ഇതിൽ, രോഗബാധിതരുടെ പ്രായഘടനയിൽ വന്ന മാറ്റമാണ് ഏറെ ഗൗരവത്തോടെ കാണേണ്ടത്. മുൻപ് ഹൈ-റിസ്‌ക് ഗ്രൂപ്പുകളിൽ ഒതുങ്ങിയിരുന്ന രോഗവ്യാപനം, ഇപ്പോൾ 15-24 വയസ് പ്രായമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരിൽ വർധിച്ചു വരുന്നു. 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ രാജ്യത്ത് 6,300 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, കേരളത്തിൽ മാത്രം 1,213 പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെട്ടു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗത്തിലൂടെയുള്ള സിറിഞ്ച് പങ്കുവെക്കൽ എന്നിവയാണ് യുവതലമുറയിലെ രോഗവ്യാപനത്തിന് പ്രധാന കാരണങ്ങൾ. രോഗം ബാധിച്ച എല്ലാവരിലും ഇത് കണ്ടെത്താൻ സാധിക്കാത്തതും എയ്ഡ്‌സ് പ്രതിരോധത്തിലെ വലിയൊരു വെല്ലുവിളിയാണ്. എയ്ഡ്സ് ബാധിതർക്ക് പരമാവധി മാനസിക- ആരോഗ്യ പിന്തുണ നൽകുകയും, കൃത്യമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയുമാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. ആട്ടിപ്പായിക്കലല്ല, സഹാനുഭൂതിയാണ് ഇവിടെ വേണ്ടത്. അതു പോലെ, ഭയമല്ല- ജാഗ്രതയാണ് വേണ്ടത്.


