നോട്ട് നിരോധനം, ബാബറി മസ്ജിദ് വിധി, എൻആർസി/പൗരത്വ ഭേദഗതി നിയമങ്ങൾ എന്നിവയിലൂടെ രാജ്യത്തുണ്ടായ ജനാധിപത്യ തകർച്ചയും ഭരണകൂട അതിക്രമങ്ങളും ചൂണ്ടിക്കാട്ടി കെ ആർ മീര
കൊച്ചി: അസാധാരണമായ ധൈര്യത്തോടെയും നർമബോധത്തോടെയും ആത്മാഭിമാനത്തോടെയുമാണ് യുവതലമുറ പ്രതിഷേധിക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര. നേഹ ബോറയും ഐഷി ഘോഷും പവിത്രയും ആതിരയും ശരണ്യയും ഉൾപ്പെടെയുള്ള പെൺകുട്ടികൾ നയിക്കുന്ന ഈ സമരം പൂർണ ജനാധിപത്യത്തിന്റെ പ്രതീകമാണ്. സ്ത്രീവിരുദ്ധത തുടച്ചു മാറ്റാതെ ഒരു ജനാധിപത്യവും പൂർണ ജനാധിപത്യമാകുകയില്ല. ചരിത്രത്തിൽ വിജയിച്ച സമരങ്ങളെല്ലാം സ്ത്രീകൾ നയിച്ചവയും സജീവമായി പങ്കെടുത്തവയുമായിരുന്നു. പിന്നീടു ചരിത്രത്തിൽ നിന്ന് അവരുടെ പേരുകൾ മായ്ച്ചു കളയപ്പെടുകയാണ് ചെയ്യുന്നതെന്ന് കെ ആർ മീര ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം, ബാബറി മസ്ജിദ് വിധി, എൻആർസി/പൗരത്വ ഭേദഗതി നിയമങ്ങൾ എന്നിവയിലൂടെ രാജ്യത്തുണ്ടായ ജനാധിപത്യ തകർച്ചയും ഭരണകൂട അതിക്രമങ്ങളും കെ ആർ മീര ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടിയിരുന്നത് 2016 നവംബര് ഒമ്പതിനു രാവിലെയായിരുന്നു. നോട്ട് നിരോധനത്തിന്റെ പിറ്റേ പ്രഭാതത്തിൽ. ഈ രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞർ, ന്യായാധിപൻമാർ, നിയമപാലകർ, അഭിഭാഷകർ, അധ്യാപകർ, വ്യാപാരികൾ, റിസർവ്വ് ബാങ്ക് ഗവർണർ ഒപ്പിട്ട ഒരു കടലാസ് കഷ്ണത്തിനു ലോകത്തെ ഒരു പരമാധികാര രാഷ്ട്രം കൽപ്പിക്കുന്നതും കൽപ്പിക്കേണ്ടതുമായ വില റദ്ദാക്കിയ ആ ദിവസമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പക്ഷിയുടെ ചിറകുകളുടെ തുമ്പുകൾ അരിഞ്ഞത് എന്നാണു വെറുമൊരു എഴുത്തുകാരിയായ എന്റെ വിശ്വാസം. തുമ്പുകളാണ് അരിഞ്ഞത്. ചിറകുകൾ അതേപടിയുണ്ടെന്നു ദൂരെക്കാഴ്ചയിൽ തോന്നി. പക്ഷേ, ചിറകിന്റെ ഒരു ചെറിയ ക്ഷതംമതി, പക്ഷിക്കു പറക്കാൻ കഴിയാതെയാക്കാൻ. എതിർശബ്ദങ്ങൾ നിലയ്ക്കുന്നത്, മാധ്യമങ്ങൾ ഗവൺമെന്റിന്റെ ആജ്ഞാനുവർത്തികളാകുന്നത്, കൂടുതൽ കൈത്തണ്ടകളിൽ ഓറഞ്ച് ചരടുകൾ നിറയുന്നത് നമ്മൾ കണ്ടു. അതിൽപ്പിന്നെ ഈ രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നിഷ്പക്ഷമായി നടന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
നോട്ട് നിരോധനം മുതൽ ഗൌരി ലങ്കേഷിന്റെ കൊലപാതകം വരെയുള്ള കാലത്തു ഞാൻ നിരീക്ഷിച്ച സംഭവവികാസങ്ങളാണ്, എന്റെ തലമുറയിൽപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത സാമ്പത്തികനയങ്ങളുടെ തേരുരുൾയാത്രയിൽ അഹിംസയുടെ രാഷ്ട്രീയം ഹിംസയുടെ രാഷ്ട്രീയമായതെങ്ങനെ എന്നു ചിന്തിപ്പിച്ചതും ഘാതകൻ എന്ന നോവൽ പിറന്നതും. നോട്ട്നിരോധനത്തെക്കുറിച്ച് ആവശ്യത്തിലേറെ സംസാരിച്ചു എന്നതിൽ എന്നെ കുറ്റപ്പെടുത്തിയവർ ഏറെയുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ അവിടെത്തന്നെയായിരുന്നു എല്ലാത്തിന്റെയും തുടക്കം.
രണ്ടാമത്തെ സംഭവം ബാബ്റി മസ്ജിദ് രാംജൻമഭൂമി ട്രസ്റ്റിനു വിട്ടുകൊടുത്തതും അവിടെ രാമക്ഷേത്രം പണിതതും അതിന്റെ പൂജാകർമങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തതുമായിരുന്നു. മറ്റൊരു സ്വാതന്ത്ര്യസമരത്തിനുള്ള സമയമായിരുന്നു. ആരും അതിനു തയ്യാറായില്ല. ഞാൻ ഖബർ എന്നൊരു ചെറിയ നോവൽ എഴുതി എന്റെ സങ്കടം തീർത്തു. മൂന്നാമത്തെ അവസരം എൻ ആർ സി ഏർപ്പെടുത്തിയപ്പോഴാണ്. 2019 ഡിസംബറിലും 2020 ജനുവരിയിലും യൂണിവേഴ്സിറ്റികളിൽ നടന്ന പോലീസ് നായാട്ടും ആ സമരം ഷഹീൻബാഗിൽ പൌരത്വപ്രക്ഷോഭമായി വികസിച്ചതുമായിരുന്നു. അന്നും രാജ്യത്തെ യുവത്വവും ഷഹീൻബാഗിലെ സ്ത്രീകളുമാണു സമരം നയിച്ചത്. അതു വലിയൊരു സ്വാതന്ത്ര്യസമരമായി മാറേണ്ടതായിരുന്നു. ജനാധിപത്യത്തിന്റെ ഊടുംപാവും വലിച്ചുകീറുന്ന നടപടിയാണു പൌരത്വനിയമം എന്നു നാം അംഗീകരിക്കാൻ ഭയന്നു. നമ്മുടെ നിത്യജീവിതത്തെ ബാധിക്കാത്തിടത്തോളം അനീതികൾ അനീതികളല്ലെന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ എസ്കേപ്പിസം. കലാച്ചി എഴുതിയത് ആ ദിവസങ്ങളിലായിരുന്നു. കലാച്ചിക്കുവേണ്ടി റിസർച്ച് നടത്തുമ്പോൾ സ്വന്തം രാജ്യം നഷ്ടപ്പെടുമോ എന്ന ഭയത്തിന് ഒരു പദമുണ്ടോ എന്നു ഞാൻ തിരഞ്ഞു. അങ്ങനെയൊരു പദം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ, ആ പദം സൃഷ്ടിക്കാനുള്ള അവസരം നമ്മൾ ഇന്ത്യക്കാർക്ക് ആയിരിക്കരുതേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. കാരണം, രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള വിദേശികളെ പാർപ്പിക്കാനുള്ള ഡീറ്റെൻഷൻ സെന്ററുകളിൽ എന്താണു നടക്കുന്നത് എന്നറിയില്ല. ഒരു മാധ്യമത്തിലും അതിന്റെ റിപ്പോർട്ടുകളില്ല.
ഇനിയും ചോദ്യം ചെയ്യാൻ വൈകിക്കൂടാ എന്നു നമ്മെ ബോധ്യപ്പെടുത്തിയത്, ഇപ്പോഴെങ്കിലും ശബ്ദമുയർത്താൻ ശക്തി തന്നത് നമ്മുടെ ചെറുപ്പക്കാരാണ്. ഒരു രാജ്യം അതിന്റെ ശത്രു സൈന്യത്തെ തുരത്താനെന്നതുപോലെ അമ്പതിനായിരം പോലീസിനെയും അർദ്ധസൈനികരെയും അണിനിരത്തുന്നു, അവരെ ഉപയോഗിച്ച് രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളെ അടിക്കുകയും ഇടിക്കുകയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു, ഇടിവണ്ടിയിൽ കയറ്റുന്നു, ചെറുപ്പക്കാർ വീണ്ടും സമരം തുടരുന്നു, വീണ്ടും അറസ്റ്റിലാകുന്നു, വീണ്ടും തിരികെ വരുന്നു. മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെടാൻ ഈ കുട്ടികൾക്കു തോന്നാത്തതെന്തുകൊണ്ട് ? മൌനത്തിലും വിധേയത്വത്തിലും അനുസരണയിലും അഭയംതേടുന്ന മുൻതലമുറയായ നമ്മുടെ പരിഹാസ്യവും ദയനീയവുമായ ജീവിതംകണ്ടു മടുത്തതുകൊണ്ടോ ?
ഇന്നലെ ഹൈക്കോടതിയിൽ അഭിഭാഷകരുടെ സംഘടനയായ ഐ.എ.എൽ ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ഇംപീച്ച്മെന്റ് നടത്തി. തുടർന്നുള്ള പ്രതിഷേധ യോഗത്തിലേക്ക് അഡ്വ. അയൂബ് ഖാൻ ക്ഷണിച്ചപ്പോൾ സന്തോഷം തോന്നിയത്, ഒടുവിൽ അഭിഭാഷകരും മുൻ ന്യായാധിപരും ശബ്ദമുയർത്തിത്തുടങ്ങി എന്നതിലാണ്. ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറെ പ്രതീകാത്മകമായെങ്കിലും ഇംപീച്ച് ചെയ്യുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ജീവിതത്തിലൊരിക്കലും കരുതിയിരുന്നില്ല. റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഉദ്ഘാടനപ്രസംഗവും റിട്ടയേഡ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻനായരുടെ ശക്തമായ പ്രഭാഷണവും ഉള്ളുലയ്ക്കുന്നതായിരുന്നു.
എനിക്കു പറയാൻ പ്രധാനമായി ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. നേഹ ബോറയും ഐഷി ഘോഷും പവിത്രയും ആതിരയും ശരണ്യയും ഉൾപ്പെടെയുള്ള പെൺകുട്ടികൾ നയിക്കുന്ന ഈ സമരം പൂർണ ജനാധിപത്യത്തിന്റെ പ്രതീകമാണ്. സ്ത്രീവിരുദ്ധത തുടച്ചു മാറ്റാതെ ഒരു ജനാധിപത്യവും പൂർണ ജനാധിപത്യമാകുകയില്ല. മാത്രമല്ല, ചരിത്രത്തിൽ വിജയിച്ച സമരങ്ങളെല്ലാം സ്ത്രീകൾ നയിച്ചവയും സജീവമായി പങ്കെടുത്തവയുമായിരുന്നു. പിന്നീടു ചരിത്രത്തിൽനിന്ന് അവരുടെ പേരുകൾ മായ്ച്ചു കളയപ്പെടാറുണ്ടെങ്കിലും. ഡൽഹിയിലെ സി ജെ പി സമരത്തിനിടെ പാന്റ്സ് ഊരിയെടുത്ത പോലീസിനോട് എന്നെ വസ്ത്രം ഊരിയെടുത്താലും ഭരണകൂടത്തിന്റെ നഗ്നത മറയ്ക്കാൻ സാധ്യമല്ലെന്നു പറയാൻ ഒരു പെൺകുട്ടിക്കു ധൈര്യമുണ്ടായി എന്നതാണു നമ്മുടെ ധൈര്യം. അസാധാരണമായ ധൈര്യത്തോടെയും നർമബോധത്തോടെയും ആത്മാഭിമാനത്തോടെയും പ്രതിഷേധിക്കുന്ന ഈ യുവതലമുറയാണു നമ്മുടെ ശക്തി. രാഷ്ട്രത്തിന്റെ പരമാധികാരം അവർ കാത്തുസൂക്ഷിക്കും.
