പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ലക്നൗവിലെ വേദിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ജിതിൻ പ്രസാദയും സതീഷ് ശർമ്മയും ബേബി റാണി മൗര്യയും മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ടുകൾ. കേശവ് പ്രസാദ് മൗര്യയും, ബ്രജേഷ് പാഠകും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന.


ദില്ലി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കും. മുഖ്യമന്ത്രിക്കസേരയിൽ ഇത് യോഗി ആദിത്യനാഥിന് രണ്ടാമൂഴമാണ്. വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേശവ് പ്രസാദ് മൗര്യയും, ബ്രജേഷ് പാഠകും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് സൂചന. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ലക്നൗവിലെ വേദിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ജിതിൻ പ്രസാദയും സതീഷ് ശർമ്മയും ബേബി റാണി മൗര്യയും മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിനെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങിനെത്തുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട് മറ്റ് ബിജെപി മുഖ്യന്ത്രിമാരും ചടങ്ങിനെത്തുന്നുണ്ട്. 

റിപ്പോർട്ടുകളനുസരിച്ച് 85,000ത്തോളം പേർ ചടങ്ങിന് സാക്ഷിയാകാനെത്തും. 

അഞ്ച് വർഷം തികച്ച് ഭരിച്ച ശേഷം വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ച് സ്ഥാനത്ത് തിരിച്ചെത്തുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. 403 സീറ്റുള്ള യുപി നിയമസഭയിൽ 255 സീറ്റുമായാണ് ബിജെപി വീണ്ടും അധികാരം പിടിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ അഖിലേഷ് യാദവിന്‍റെ സമാജ്‍വാജി പാർട്ടിയിക്ക് 111 സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസാകട്ടെ കേവലം രണ്ടു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.