കന്യാകുമാരി എസ്പിയോട് കൂടുതൽ ലോക്കൽ പൊലീസിന്റെ  സഹായം ആവശ്യപ്പെട്ടതായും കമ്മീഷണർ പറഞ്ഞു. 

തിരുവനന്തപുരം: ഇന്നലെ രാവിലെ കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പെൺകുട്ടി കന്യാകുമാരിയിൽ ഇറങ്ങി എന്നാണ് സംഭവത്തെക്കുറിച്ച് ഒടുവിൽ പൊലീസിന് ലഭിക്കുന്ന വിവരം. ട്രെയിനിൽ യാത്ര ചെയ്തിരുന്ന അനുരാ​ഗ് എന്ന യുവാവാണ് പൊലീസിന് ഈ വിവരം കൈമാറിയിരിക്കുന്നത്. ഇതേ പെൺകുട്ടി തന്നെയാണ് തനിക്കൊപ്പമിരുന്ന് യാത്ര ചെയ്തതെന്ന് അനുരാ​ഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതേ തുടർന്ന് തസ്മിദ് കന്യാകുമാരിയിൽ ഇറങ്ങി എന്ന നി​ഗ​മനത്തിലാണ് പൊലീസ്. കന്യാകുമാരിയിൽ തെരച്ചിൽ ശക്തമാക്കുമെന്ന് തിരുവനന്തപുരം കമ്മീഷണർ അറിയിച്ചു. കന്യാകുമാരി എസ്പിയോട് കൂടുതൽ ലോക്കൽ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതായും കമ്മീഷണർ പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന വിവേക് എക്സ്പ്രസ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. 

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന ബബിത എന്ന വിദ്യാര്‍ഥിനിയാണ് കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെണ്‍കുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത കണ്ടാണ് ബബിത ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.

Read More: ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ ഇറങ്ങി വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുളള വിവരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവാണ് കുട്ടി ഇതേ ട്രെയിനിലുണ്ടായിരുന്നു എന്ന് പൊലീസിന് വിവരം നല്‍കിയത്. 

Asianet News LIVE | Thiruvananthapuram Child Missing | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്